കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

single-img
21 September 2018

ഏറെ അഭ്യൂഹങ്ങൾക്കും പിരിമുറുക്കത്തിനും ഒടുവിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ തുടർച്ചയായി മൂന്നുദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം വൈകുന്നേരത്തോടുകൂടിയാണു ബിഷപ്പിനെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ രണ്ട് ദിവസമായി ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. മൂന്നാം ദിവസമായ ഇന്ന് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെയും കന്യാസ്ത്രീയുടെ മൊഴിയുടേയും അന്തിമ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്. ഫ്രോങ്കോടെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും. അറസ്റ്റ് ചെയ്യുന്ന വിവരം നേരത്തെ തന്നെ പഞ്ചാബ് പൊലീസിനെയും പഞ്ചാബിലെ ഫ്രാങ്കോയുടെ അഭിഭാഷകനെയും അന്വേഷണസംഘം അറിയിച്ചിരുന്നു.

ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മൂന്നാം ദിവസം 10.30ന് ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനോട് അറസ്റ്റ് അനിവാര്യമാണെന്ന് അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു. വൈക്കം ഡിവൈ എസ്പിയാണ് ഇക്കാര്യം ബിഷപ്പിനോട് പറഞ്ഞത്.

രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ തന്നെ കൂടെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട പൊലീസ് അടുത്ത ബന്ധുക്കളെയും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. ബിഷപ്പിന്‍റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്‍കി.