ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓടുന്ന വൈദ്യുത സ്‌കൂട്ടര്‍

single-img
8 September 2018

ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ വെസ്പയുടെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറായ ഇലക്ട്രിക്ക ഉടന്‍ നിരത്തിലെത്തും. വെസ്പയുടെ പാരമ്പര്യ രൂപകല്‍പ്പനക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന സ്‌കൂട്ടറിന്റെ നിര്‍മ്മാണം ഇറ്റലിയിലെ പീസിയലുള്ള പോണ്ടെഡെറ നിര്‍മ്മാണശാലയില്‍ ഈ മാസം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ താണ്ടുമെന്നതാണ് ഈ വൈദ്യുത സ്‌കൂട്ടറിന്റെ പ്രത്യേകത. സ്‌കൂട്ടറില്‍ രണ്ടു കിലോവാട്ട് കണ്ടിന്വസ് പവര്‍ മോഡും നാലു കിലോവാട്ട് പരമാവധി കരുത്തുമാണു പിയാജിയൊ ലഭ്യമാക്കുന്നത്. ഇതോടെ 50 സി സി എന്‍ജിനുള്ള പരമ്പരാഗത സ്‌കൂട്ടറിനേക്കാള്‍ മികച്ച പ്രകടനമാണ് ‘ഇലക്ട്രിക്ക’യില്‍ പിയാജിയൊയുടെ വാഗ്ദാനം.

ഇതോടൊപ്പം പെട്രോളിന്റെ കരുത്തുള്ള റേഞ്ച് എക്സ്റ്റന്‍ഡര്‍ സഹിതമുള്ള ‘ഇലക്ട്രിക്ക എക്‌സ്’ എന്ന മോഡലും പിയാജിയൊ പുറത്തിറക്കുന്നുണ്ട്. ഇതോടെ സ്‌കൂട്ടറിന്റെ യാത്രാദൂരം 200 കിലോമീറ്ററായി ഉയരും. സാധാരണ സോക്കറ്റില്‍ നാലു മണിക്കൂര്‍ സമയം കൊണ്ടാണു സ്‌കൂട്ടറിലെ ബാറ്ററി പൂര്‍ണ തോതില്‍ ചാര്‍ജാവുക.

കൂടാതെ വെസ്പ മള്‍ട്ടിമീഡിയ പ്ലാറ്റ്‌ഫോമിന്റെ പുത്തന്‍ പതിപ്പിലൂടെ കണക്റ്റഡ് എക്‌സ്പീരിയന്‍സും ഇലട്രിക്കയിലുണ്ടാകും. ഉടമസ്ഥന്റെ സ്മാര്‍ട്‌ഫോണിനെ സ്‌കൂട്ടറുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനത്തിനു കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയുമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പരമ്പരാഗത ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനു പകരം 4.3 ഇഞ്ച്, ടി എഫ് ടി കളര്‍ ഡിസ്‌പ്ലേയാവും. വേഗം, റേഞ്ച്, ബാറ്ററി ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ദൃശ്യമാവും. ബ്ലൂടൂത്ത്, സ്മാര്‍ട്‌ഫോണ്‍ കണക്ടിവിറ്റിക്കായിട്ടാണ് വെസ്പ ഇലക്ട്രിക്ക ആപ്ലിക്കേഷന്‍. സ്‌കൂട്ടറിന്റെ പ്രവര്‍ത്തനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും ഈ ആപ്ലിക്കേഷനാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ ഐ) സജ്ജമായാണ് വെസ്പ ഇലക്ട്രിക്ക എത്തുക.

അടുത്ത വര്‍ഷം ആദ്യം യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഇലക്ട്രിക്ക പിന്നാലെ യു എസിലും ഏഷ്യയിലും വിപണയിലെത്തുമെന്നാണ് കരുതുന്നത്. ഒക്ടോബറോടെ ബുക്കിങ്ങുകള്‍ സ്വീകരിക്കാനും നവംബറില്‍ മിലാനില്‍ ഇ ഐ സി എം എ പ്രദര്‍ശനത്തിനു മുന്നോടിയായി ഇലക്ട്രിക്കയുടെ പരസ്യ പ്രചാരണം തുടങ്ങാനുമാണ് നീക്കം.