സെപ്റ്റംബര്‍ പത്തിന് ഇടതുസംഘടനകളുടെ ഹര്‍ത്താല്‍

single-img
7 September 2018

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സെപ്റ്റംബര്‍ പത്തിന് (തിങ്കള്‍) രാജ്യവ്യാപക ഹര്‍ത്താല്‍ നടത്തുമെന്ന് ഇടതുസംഘടനകള്‍. സിപിഎം, സിപിഐ (എംഎല്‍), എസ്‌യുസിഐ (കമ്യൂണിസ്റ്റ്), ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികളാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ജനത്തിനുമേല്‍ അഭൂതപൂര്‍വമായ സാമ്പത്തികഭാരമാണ് ഏല്‍പ്പിക്കുന്നതെന്നു സംയുക്ത പ്രസ്താവനയില്‍ ഇടതുപാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. കര്‍ഷകര്‍ ദുരിതത്തിലാണ്. യുവാക്കള്‍ക്കു തൊഴിലില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു.

ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നു. സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പ്രയാസമെല്ലാം സാധാരണക്കാരാണ് അനുഭവിക്കുന്നതെന്നു സംഘടനകള്‍ ചൂണ്ടിക്കാട്ടി. അതേസമയം രാവിലെ ഒന്‍പതു മുതല്‍ മൂന്നു മണി വരെയായിരിക്കും കോണ്‍ഗ്രസിന്റെ ബന്ദ്. വാഹനങ്ങള്‍ തടയില്ല. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവ നടത്തും. പ്രതിപക്ഷ കക്ഷികള്‍ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.