‘ദളിത്’ എന്ന പദം ഉപയോഗിക്കരുത്; മാധ്യമങ്ങളോട് കേന്ദ്രം

single-img
4 September 2018

പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ‘ദളിത്’ എന്ന പദം ഉപയോഗിക്കരുതെന്നു സ്വകാര്യ ചാനലുകള്‍ക്കു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം. മുംബൈ ഹൈക്കോടതിയുടെ ഇതുസംബന്ധിച്ചു നേരത്തെയുള്ള ഒരു ഉത്തരവു ചൂണ്ടിക്കാട്ടിയാണു നിര്‍ദേശം വന്നിട്ടുള്ളത്.

ഭരണഘടനാപദമായ ‘ഷെഡ്യൂള്‍ഡ് കാസ്റ്റ്’ എന്നതിനുപകരം ദലിത് എന്ന വാക്ക് ഉപയോഗിക്കരുത്. ഷെഡ്യൂള്‍ഡ് കാസ്റ്റിനു വിവിധ ഭാഷകളിലുള്ള പരിഭാഷകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോടതി ഉത്തരവുകള്‍ കണക്കിലെടുത്താണ് നടപടിയെങ്കിലും ഇത് ഇതിനോടകം വിവാദമായിട്ടുണ്ട്.

‘ദലിത്’ എന്ന പദം ഉപയോഗിക്കാതിരിക്കുന്നതു കൊണ്ടുമാത്രം പട്ടികജാതി വിഭാഗം നേരിടുന്ന അവഗണനകള്‍ അവസാനിക്കുന്നില്ലെന്നാണു രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്. പട്ടികജാതിക്കാര്‍ നേരിടുന്ന ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ഇത് സാരമായി ബാധിക്കാനിടയുണ്ടെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു.

‘കാലങ്ങളായി ഉപയോഗിച്ചുവരുന്ന വാക്കാണു ‘ദലിത്’ എന്നത്. മാധ്യമങ്ങള്‍ മാത്രമല്ല, രാഷ്ട്രീയനേതാക്കളും അക്കാദമിക് വിദഗ്ധരുമെല്ലാം ഈ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു വിലക്കെന്നു മനസ്സിലാകുന്നില്ല. ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തുന്ന അതിഥികളോടു ദലിത് എന്നുപയോഗിക്കരുത് എന്നൊക്കെ പറയാനാകുമോ?’ ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്‍ പ്രതികരിച്ചു.