സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
സംസ്ഥാനത്ത് എലിപ്പനിക്കെതിരെ അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചികിത്സയ്ക്ക് താലൂക്ക് ആശുപത്രികള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. ചികിത്സാ സൗകര്യവും മരുന്നും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് പ്രതിരോധ മരുന്നു കഴിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എലിപ്പനിയെന്ന് സംശയിക്കുന്ന എട്ടു മരണം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടുപേരുടെ മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. 71 പേര്‍ക്കാണ് തിങ്കളാഴ്ച മാത്രം എലിപ്പനി സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 15 മുതല്‍ തിങ്കളാഴ്ച വരെ 515 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
ലളിതമായ ചില മുന്‍കരുതലുകള്‍ മതി എലിപ്പനി പടരുന്നതു തടയാം…
1. എന്താണ് എലിപ്പനി ?
എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ഒരു ബാക്ടീരിയ മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. ലെപ്ടോസ്പൈറ എന്ന ഗ്രൂപ്പില്‍ പെട്ടതാണ് ഈ ബാക്ടീരിയ.
2. എങ്ങനെയാണ് ഈ രോഗം പടരുക ?
രോഗം ഉള്ളതോ, രോഗാണു വാഹകരോ ആയ മറ്റു മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കുടിയാണ് അസുഖം പകരുക. സാധാരണയായി ഒഴുക്കില്ലാതെ കെട്ടികിടക്കുന്ന വെള്ളത്തിലും, നനവുള്ള പ്രതലത്തിലും, അതുപോലെ ചെളിയുള്ള മണ്ണിലൂടെയും ഒക്കെ അസുഖം പകരാം. നമ്മുടെ ശരീരത്തില്‍ ഉള്ള മുറിവുകള്‍, ചെറിയ പോറലുകള്‍ ഇവ വഴിയാണ് രോഗാണു അകത്തു കിടക്കുക.നമ്മുടെ നാട്ടില്‍ പ്രധാനമായും രോഗം പരത്തുന്നത് എലികളാണ്.
3. എന്താണ് രോഗലക്ഷണങ്ങള്‍ ?
രോഗാണു അകത്തു കടന്നാല്‍ ഏകദേശം 5-15 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകും. കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയല്‍, കടുത്ത ക്ഷീണം ഇവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ച് വേദന, ശ്വാസം മുട്ടല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരിക, കാലിലും മുഖത്തും നീരുണ്ടാകുക. കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപിത്തം പോലെയുള്ള ലക്ഷണങ്ങള്‍ കാണാം.
4. എന്തൊക്കെ ഗുരുതരാവസ്ഥ ഉണ്ടാകാം ?
സമയത്ത് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. മരണം വരെ സംഭവിക്കാം.
5. രോഗം എങ്ങനെ തടയാം ?
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങാനിടയായവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക ഡോക്സിസൈക്ലിന്‍ 200 മില്ലിഗ്രാം കഴിക്കുന്നതു ഗുണപ്രദം.
* മനുഷ്യവാസപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂമ്പാരങ്ങളിലാണ് എലികള്‍ പെറ്റുപെരുകുന്നത്.
* വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
* കുളങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തല്‍ക്കുളങ്ങളില്‍ മാലിന്യം കലരാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുക.
* ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെര്‍മാംഗനേറ്റ്, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക
* കൃഷിയിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ അത് ഉണങ്ങുന്നതുവരെ ചെളിവെള്ളത്തിലിറങ്ങരുത്.
* കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.
* കുടിക്കാന്‍ തിളപ്പിച്ചാറിച്ച വെള്ളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷന് നടത്തുക.
* എലികള്‍ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.
* ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ എലികള്‍ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കള്‍ അടച്ചു സൂക്ഷിക്കുക
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചവിട്ടാനിടയായാല്‍ അണുനാശിനി ചേര്‍ത്ത വെള്ളത്തില്‍ കാല് കഴുകുക.
* പുറത്തു സഞ്ചരിക്കുമ്പോള്‍ ഉപയോഗിക്കുന്ന പാദരക്ഷകള്‍ വീടിനുളളില്‍ ഉപയോഗിക്കരുത്.
* കൈകാലുകളില്‍ മുറിവുകളുണ്ടായാല്‍ ബാന്‍ഡേജ് ചെയ്ത് സൂക്ഷിക്കുക.