റാഫേല്‍ വിമാന കരാര്‍ ലഭിക്കാനായി ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമാനിര്‍മാണത്തിന് റിലയന്‍സ് സാമ്പത്തികസഹായം നല്‍കി; റിപ്പോര്‍ട്ട് പുറത്ത്

single-img
31 August 2018

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതവും അസത്യവുമാണെന്നു റിലയന്‍സ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടെ റിലയന്‍സിനെ കുരുക്കിലാക്കി പുതിയ വിവരങ്ങള്‍ പുറത്ത്. റാഫേല്‍ കരാറിനായി ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ ഒലാന്ദയുടെ കാമുകിയുടെ സിനിമാനിര്‍മാണത്തിന് റിലയന്‍സ് സാമ്പത്തികസഹായം നല്‍കിയതായാണ് ആരോപണം.

റഫാല്‍ ധാരണാപത്രം ഒപ്പിടുന്നതിനു രണ്ടുദിവസം മുന്‍പായിരുന്നു റിലയന്‍സ് എന്റര്‍ടൈയ്‌മെന്റും ഒലാന്ദയുടെ കാമുകി ജൂലി ഗായെയുടെ റൂഷ് ഇന്റര്‍നാഷണലും സിനിമാനിര്‍മാണത്തിന് ധാരണയായതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി 2016 ജനുവരിയില്‍ ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് രണ്ട് ദിവസം മുമ്പാണ് സിനിമാ നിര്‍മ്മാണത്തിന് കരാറായത്.

പിന്നീടാണ് ഡസോട്ട് ഏവിയേഷനുമായി ചേര്‍ന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് 59,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഏര്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഡസോട്ട് റിലയന്‍സ് ലിമിറ്റഡ് എന്ന സംയുക്ത കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പനിയായ ഡസോട്ട് ഏവിയേഷന് 49 ശതമാനവും ഓഹരി പങ്കാളിത്തവുമാണുള്ളത്.

2016 ജനവരി 24 നാണ് റിലയന്‍സ് എന്റര്‍ടൈന്റ്‌മെന്റ് ജൂലി ഗായെയുടെ റൂഷ് ഇന്റര്‍നാഷണലുമായി ഫ്രഞ്ച് സിനിമ നിര്‍മ്മിക്കാന്‍ കരാര്‍ ഒപ്പിട്ടത്. രണ്ട് ദിവസം കഴിഞ്ഞ് ജനവരി 26 നാണ് 36 വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ധാരണാപത്രമായത്. സാമ്പത്തിക വിഷയങ്ങളുടെ പേരില്‍ ഒലാന്ദയുടെ സന്ദര്‍ശനവേളയില്‍ പക്ഷേ ഇരുരാജ്യങ്ങളുമായി ഈ കരാര്‍ ഒപ്പിട്ടില്ല.

ടു ദി ടോപ്പ് എന്ന ചിത്രം സെര്‍ജി ഹസ്സാനവിസ് ആണ് സംവിധാനം ചെയ്തത്. 2017 ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്തു. ഡസോട്ട് ഏവിയേഷന്‍ ചെയര്‍മാനും അനില്‍ അംബാനിയും ചേര്‍ന്ന് ഡെസോട്ട് എയ്‌റോ സ്‌പേസിന്റെ നിര്‍മ്മാണ പ്ലാന്റിന് നാഗ്പൂരില്‍ ശിലയിട്ട് എട്ട് ആഴ്ചയായപ്പോഴായിരുന്നു സിനിമയുടെ റിലീസ്.

ഫ്രഞ്ച് പ്രതിരോധമന്ത്രി, കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മഹാരാഷ് ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ ഈ ചടങ്ങളില്‍ പങ്കെടുത്തു. യുഎഇ അടക്കം എട്ട് രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രം പക്ഷേ ഇന്ത്യയില്‍ റിലീസ് ചെയ്തില്ല.

വിമാനം വാങ്ങാനുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം കരാര്‍ ഒപ്പിടുമ്പോള്‍ ജൂലി ഗായെ പ്രസിഡന്റ് ഒലാന്ദയ്‌ക്കൊപ്പം പാരീസിലെ എല്‍സി കൊട്ടാരത്തിലായിരുന്നു താമസം. 2014 ജനുവരിയിലാണ് ഒലാന്ദയുമായി ഗായെക്കുള്ള ബന്ധം പരസ്യമായത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2016 സപ്തംബര്‍ 23 ന് ഡല്‍ഹിയില്‍ വച്ചാണ് ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ 59,000 കോടിയുടെ അന്തിമ കരാര്‍ ഒപ്പിട്ടത്.

പക്ഷേ ഈ സിനിമ നിര്‍മ്മാണത്തെക്കുറിച്ച് റിലയന്‍സ് പ്രതികരിക്കാന്‍ തയ്യാറായില്ല എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 59,000 കോടിയുടെ റഫേല്‍ കരാര്‍ തന്റെ കമ്പനിക്ക് ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് അനില്‍ അംബാനി ഈ സിനിമ നിര്‍മ്മിച്ചതെന്നാണ് ആരോപണം.