നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ്

single-img
30 August 2018

പ്രളയദുരന്തത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ പ്രളയമുണ്ടാക്കിയത് കനത്തമഴയാണ്. എന്നാല്‍ ദുരന്തത്തിന്റെ ആക്കം കൂട്ടിയ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളാണെന്ന് വിഎസ്. അച്യുതാനന്ദന്‍ പറഞ്ഞു.

നാടിന്റെയാകെ വികസന കാഴ്ചപ്പാട് മാറണമെന്നും പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടതു സര്‍ക്കാരിന്റെ മുദ്രാവാക്യമെന്നും പറഞ്ഞ വി.എസ് ഇത് ചിലര്‍ക്കു മുന്നില്‍ മാത്രം വഴിമാറുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അനധികൃത ഖനനവും മണ്ണിടിച്ചിലും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും വികസനം ജനങ്ങള്‍ക്കു മേല്‍ ദുരന്തമായി വന്നു ഭവിക്കരുതെന്നും പറഞ്ഞ വി.എസ് വ്യക്തിഗത ലക്ഷ്യങ്ങള്‍ക്കല്ല മുന്‍തൂക്കം നല്‍കേണ്ടതെന്നും വ്യക്തമാക്കി.

അശാസ്ത്രീയമായ നിര്‍മാണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും വിഴിഞ്ഞം അടക്കം മഹാവികസനങ്ങളില്‍ ഏതെല്ലാം ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തണമെന്നും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ശുഷ്‌കാന്തി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിലും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നാര്‍ ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ജനകീയ നടപടികള്‍ ഇടതു സര്‍ക്കാരിന്റെ തീരുമാനമായിരുന്നു. എന്നാല്‍, അത് നില്‍ക്കാനിടയായ സാഹചര്യങ്ങള്‍ ഈ അവസരത്തില്‍ പുനഃപരിശോധിക്കണം – വി.എസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിക്കണമെന്നും അതിനുള്ള നടപടികള്‍ പുനഃരാരംഭിക്കണമെന്നും ആവര്‍ത്തിച്ചാവശ്യപ്പെട്ട അദ്ദേഹം ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടു.