മഹാപ്രളയത്തിന്റെ കാരണം ഡാമുകള്‍ തുറന്നതല്ല; ശക്തവും അപ്രതീക്ഷിതവുമായ മഴയെന്ന് കേന്ദ്ര ജല കമ്മീഷന്‍

single-img
29 August 2018

മുന്നറിയിപ്പോ മുന്‍ കരുതലോ ഇല്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതെന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്ര ജല കമ്മിഷന്‍. അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയതെന്ന് കേന്ദ്ര ജല കമ്മീഷന്റെ കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് സംബന്ധിച്ച വിശദമായ പഠനങ്ങളുമായി കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്. ഭൂപ്രകൃതിയും ഇതില്‍ നിര്‍ണായക ഘടകമായി. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്.

കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര പറഞ്ഞു. കേരളം നേരിട്ടത് നിയന്ത്രാണാതീതമായ ദുരന്ത സാഹചര്യമാണ്. അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്നു പറയുന്നത് ശരിയല്ല.

നേരത്തെ തന്നെ അണക്കെട്ടുകള്‍ തുറന്നിരുന്നുവെങ്കിലും ഈ ദുരന്ത സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിയും വികസനത്തിന്റെ പേരില്‍ നടന്ന കൈയേറ്റങ്ങളും ദുരന്തത്തിന്റെ ആക്കം കൂട്ടാന്‍ ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിയന്ത്രിക്കാന്‍ കഴിയാത്ത ദുരന്തസാഹചര്യമായിരുന്നു കേരളത്തില്‍. നൂറോ, അമ്പതോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന പ്രളയമായിരുന്നു. പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്നതായിരുന്നില്ല കേരളത്തിലുണ്ടായ പ്രളയം എന്നും അദ്ദേഹം പറഞ്ഞു. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രളയം നല്‍കിയ പാഠങ്ങള്‍ കേരളത്തിന്റെ മനസിലുണ്ടാകണമെന്നും കേന്ദ്ര ജലകമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കാനായി തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അണക്കെട്ടുകള്‍ തുറന്നു വിട്ടതാണ് അനിയന്ത്രിതമായ പ്രളയത്തിന് കാരണമായതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ ഉന്നയിച്ചിരുന്ന ആരോപണം. സംസ്ഥാന ബിജെപി നേതൃത്വവും പരോക്ഷമായി കേന്ദ്ര സര്‍ക്കാ രും ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, കേന്ദ്ര ജല കമ്മീഷന്‍ തന്നെയാണ് ഇപ്പോള്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.