അമിതമായ ഫോണ്‍ ഉപയോഗം: 16 കാരന്‍ സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

single-img
29 August 2018

രാത്രിയിലെ ഫോണ്‍ സംഭാഷണങ്ങള്‍ ഉറക്കത്തിന് തടസമായ ദേഷ്യത്തില്‍ പതിനാറുകാരന്‍
പത്തൊമ്പതുകാരിയായ സഹോദരിയെ ഷാളുപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വസായിക്ക് സമീപത്താണ് സംഭവം.

സഹോദരി അമിതമായി ഫോണില്‍ സംസാരിക്കുന്നത് കൊണ്ട് തനിക്ക് ഉറങ്ങാന്‍ പറ്റാത്തതിനാലാണ് കഴുത്ത് ഞെരിച്ച് കൊന്നതെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. അമ്മ ജോലിക്ക് പോയി കഴിഞ്ഞാല്‍ സഹോദരി എപ്പോഴും ഫോണിലാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്ന് സഹോദരിയോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം ധിക്കരിച്ച് ഫോണ്‍ വിളിതുടര്‍ന്ന് കൊണ്ടേയിരുന്നു. ദേഷ്യം വന്നാണ് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്നും സഹോദരന്‍ പൊലീസിനോട് പറഞ്ഞു.

കുട്ടികളുടെ അമ്മ ബോറിവാലിയിലെ വീടുകളില്‍ ജോലി ചെയ്തു വരികയാണ്. അച്ഛന്‍ കഴിഞ്ഞ രണ്ടുമാസമായി സ്വദേശമായ ജല്‍ഗാവിലാണ്. ഇവര്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടാവുമായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കൊലയ്ക്ക് ശേഷം ആണ്‍കുട്ടി മൃതദേഹം മറവു ചെയ്യാന്‍ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു. അയല്‍വാസിക്ക് സംശയം തോന്നി വീട് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ സഹോദരിയെ കണ്ടെത്തിയത്. അയവാസി ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സഹോദരിയെ കൊല്ലാന്‍ ഉപയോഗിച്ച ദുപ്പട്ട പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തി. കുട്ടിയെ പോലീസ് അറസ്റ്റു ചെയ്ത് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ഹോമിലയച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്.