ജിയോ സര്‍വകലാശാലക്ക് ശ്രേഷ്ഠ പദവി നല്‍കിയത് ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മറികടന്ന്; ഇടപെട്ടത് മോദിയുടെ ഓഫീസ്

single-img
29 August 2018

റിലയന്‍സ് ഫൗണ്ടേഷന്‍ തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് വിശിഷ്ട പദവി നല്‍കുന്നതിനെതിരെ ധനമന്ത്രാലയം കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഉദ്ദേശങ്ങളും പദ്ധതികളും മാത്രം വച്ച് എങ്ങനെയാണ് ശ്രേഷ്ഠ പദവി നല്‍കുന്നത് എന്നായിരുന്നു ധനമന്ത്രാലയത്തിന്റെ ചോദ്യം.

തീരുമാനം യുക്തിക്ക് നിരക്കുന്നതല്ലെന്നും പിന്തുണക്കാനാകില്ലെന്നും മാനവവിഭവശേഷി വകുപ്പിനോട് ധനമന്ത്രാലയം രേഖാമൂലം മറുപടി നല്‍കിയിരുന്നു. ഈ രീതി ബ്രാന്റ് വാല്യു വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തെറ്റായ പ്രചോദനമാകുമെന്നും ഉന്നതവിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കുമെന്നും ധനമന്ത്രാലയം മാനവ വിഭവശേഷി വകുപ്പിന് നല്‍കിയ അഞ്ച് പേജ് അടങ്ങിയ കുറിപ്പില്‍ പറയുന്നുണ്ട്.

തീരുമാനം പുനപരിശോധിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ മറികടന്നാണ് പിന്നീട് ജിയോ സര്‍വലകലാശാലക്ക് ശ്രേഷ്ഠ പദവി നല്‍കിയത്. ഇതിനെതിരെ മാനവവിഭവശേഷി വകുപ്പില്‍ നിന്ന് തന്നെ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിലവില്‍ വന്നിട്ടുള്ളതും ആഗോള റാങ്കിങ്ങില്‍പ്പെട്ടതുമായ സ്ഥാപനങ്ങള്‍ക്കായിരിക്കണം ഇത്തരം പദവികള്‍ വേണ്ടതെന്നും വകുപ്പിലെ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം അടക്കമുള്ളവ നിലപാട് എടുത്തിരുന്നു. ഗ്രീന്‍ഫീല്‍ഡ് വിഭാഗത്തില്‍ പത്ത് അപേക്ഷകര്‍ ഉണ്ടായിരിക്കേ ജിയോ സര്‍വകലാശാലക്ക് മാത്രമേ സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയിരുന്നുള്ളു.

അതേസമയം ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് വിശിഷ്ട പദവി നല്‍കിയത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മാനവവിഭവ വികസന മന്ത്രാലയത്തിന്റെയും ധനമന്ത്രാലയത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്നും മാനദണ്ഡങ്ങള്‍ തിരുത്തിയുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.

ഔദ്യോഗികരേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണിത് റിപ്പോര്‍ട്ട് ചെയ്തത്. സുതാര്യതയ്ക്ക് ശക്തമായ മാനദണ്ഡം, സാമ്പത്തിക പ്രതിജ്ഞാബദ്ധത, പിഴ, ആവശ്യമായ ഭൂമി, വൈദഗ്ധ്യം എന്നിവ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശന നയം വേണമെന്നാണ് മാനവവിഭവ വികസന മന്ത്രാലയവും(എച്ച്ആര്‍ഡി) ധനമന്ത്രാലയവും ആവശ്യപ്പെട്ടത്. ഇതിനെ എതിര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് അയഞ്ഞ സമീപനം മതിയെന്ന് ആവശ്യപ്പെട്ടു.

സ്വകാര്യ അപേക്ഷകര്‍ക്ക് പര്യാപ്തമായ ഭൂമി ഉണ്ടാകണമെന്ന നിബന്ധനയും തിരുത്തി. മൂന്നുവര്‍ഷം കൊണ്ട് വിദ്യാര്‍ഥിഅധ്യാപക അനുപാതം 10:1 എന്നത് കൈവരിക്കണമെന്നത് അഞ്ച് വര്‍ഷമായി വര്‍ധിപ്പിച്ചു. സ്വകാര്യസ്ഥാപനങ്ങള്‍ക്കുണ്ടാകേണ്ട കരുതല്‍ ഫണ്ട് 1,000 കോടി രൂപ എന്നത് 100 കോടി രൂപയായി പ്രധാനമന്ത്രിയുടെ ഓഫീസ് ചുരുക്കി.

മറ്റൊരു 1,500 കോടി രൂപ ലഭ്യമാക്കാനാകുമെന്ന് വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചു. പിന്നീട്, കരുതല്‍ ഫണ്ട് 100 കോടിയില്‍നിന്ന് 60 കോടിയിലേക്ക് കുറച്ചു. ഈ കരുതല്‍ ഫണ്ടില്‍ യുജിസിക്ക് പരിശോധന നടത്താമെന്ന മാനദണ്ഡവും പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി.

വിശിഷ്ടപദവി നല്‍കുന്ന പൊതുസ്വകാര്യ സ്ഥാപനങ്ങളില്‍ പദ്ധതികള്‍ ശരിയായി നടക്കുന്നുണ്ടോയെന്ന് ഓരോ വര്‍ഷവും പരിശോധിക്കണമെന്നായിരുന്നു കരട് നിര്‍ദേശം. അത് മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന എന്ന് തിരുത്തി. പൊതുസ്ഥാപനങ്ങള്‍ അഞ്ചുവര്‍ഷത്തില്‍ പ്രഖ്യാപിത പദ്ധതി നേട്ടങ്ങള്‍ കൈവരിച്ചില്ലെങ്കില്‍ ഫണ്ട് തിരിച്ചെടുക്കാനും പിഴയീടാക്കാനും മന്ത്രാലയം നിര്‍ദേശിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി.

ജെഎന്‍യു ഉള്‍പ്പെടെയുള്ള പ്രമുഖ സര്‍വകലാശാലകളെ ഒഴിവാക്കി റിലയന്‍സിന്റെ തുടങ്ങിയിട്ടില്ലാത്ത സ്ഥാപനത്തിന് വിശിഷ്ടപദവി നല്‍കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ ശരിവയ്ക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.