യുപിഎയുടെ കാലത്തെക്കാള്‍ 20% വില കുറച്ചാണ് റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത്: രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ നഴ്‌സറി കുട്ടികളുടേത് പോലെയെന്നും അരുണ്‍ ജെയ്റ്റ്‌ലി

single-img
29 August 2018

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത് പൂര്‍ണമായും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

2007ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിമാനം വാങ്ങാന്‍ കരാറുണ്ടാക്കിയതിനെക്കാള്‍ 20ശതമാനം വില കുറച്ചാണ് എന്‍.ഡി.എയ്ക്ക് ലഭിച്ചത്. രൂപയുടെ മൂല്യത്തില്‍ വ്യത്യാസമുണ്ടായിട്ടും വിമാനങ്ങളുടെ അടിസ്ഥാന വിലയില്‍ ഒമ്പത് ശതമാനത്തോളം കുറവുണ്ടാകുകയാണ് ചെയ്തത്.

ഫ്രാന്‍സുമായുള്ള കരാറില്‍ സ്വകാര്യ വ്യക്തികളുടെ ഇടപെടലുകള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാനാകുമെന്ന് കോണ്‍ഗ്രസ് കരുതരുതെന്നും ജയ്റ്റ്‌ലി പറഞ്ഞു. നഴ്‌സറി കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പോലെയാണ് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവാദം.

ഞാന്‍ 500 കൊടുത്തു, നീ 1600 കൊടുത്തു എന്ന മട്ടില്‍ നിലവാരമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. വിഷയത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി എത്രമാത്രം അജ്ഞനാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നത്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധി ഓരോ തവണയും വ്യത്യസ്തമായ തുകയുടെ അഴിമതിയാണ് ആരോപിക്കുന്നത്.

കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ച് രണ്ടു സര്‍ക്കാരുകള്‍ തമ്മില്‍ നടന്ന ഇടപാടില്‍ കരിനിഴല്‍ വീത്തുകയാണ് കോണ്‍ഗ്രസ്. ദേശീയ സുരക്ഷയെ ഗുരുതരമായി അപകടപ്പെടുത്തുകയാണിവര്‍ ചെയ്യുന്നതെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.