സ്‌കൂളുകള്‍ നാളെ തുറക്കും: ചില സ്ഥലങ്ങളില്‍ മാത്രം അവധി

single-img
28 August 2018

പ്രളയത്തെ തുടര്‍ന്ന് ഓണാവധിക്കായി അടച്ച സ്‌കൂളുകള്‍ നാളെ തുറക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും ക്ലാസുകള്‍ നടക്കും. ആലപ്പുഴയില്‍ 482 സ്‌കൂളുകള്‍ മാത്രമാണ് തുറക്കുക. മറ്റിടങ്ങളില്‍ പലതിലും വെള്ളം കയറിയ നിലയിലാണ്.

കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. കെട്ടിടം തകര്‍ന്നതും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതുമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ക്ക് ബദല്‍ സംവിധാനമൊരുക്കും. കുട്ടികളെത്തിയാല്‍ പാഠപുസ്തകത്തിനും യൂണിഫോമിനുമുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കും. ഒരാഴ്ചയ്ക്കകം ഇവ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്.

ചിലയിടങ്ങളില്‍ വെള്ളം കയറി ബസുകള്‍ കേടായതിനാല്‍ ബസ് സേവനത്തിന് താമസമുണ്ടായേക്കും. ചില ജില്ലകളില്‍ കുട്ടികള്‍ ക്യാമ്പുകളിലുണ്ട്. ഇവര്‍ ആദ്യ ദിവസങ്ങളില്‍ ക്ലാസുകളിലെത്തുമോ എന്നതില്‍ വ്യക്തതയില്ല. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അന്തേവാസികളെ അതത് പ്രദേശങ്ങളിലെ കമ്യൂണിറ്റി ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളിലേക്ക് മാറ്റും.