മത്സ്യത്തൊഴിലാളികളുടെ ധീരതയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി: ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും’

single-img
28 August 2018

പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂവായിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് 70,000 ലേറെ പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് ആലപ്പുഴ ഡിസിസി മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഓഖി ദുരന്തത്തില്‍പ്പെട്ട് സര്‍വതും നഷ്ടപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികള്‍. അന്ന് പലസ്ഥലങ്ങളും ഞാന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അവര്‍ക്ക് ലഭിച്ച സഹായത്തില്‍ തൃപ്തനല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. കാരണം അത്രത്തോളം നാശനഷ്ടമാണ് അവര്‍ക്കുണ്ടായതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുപിഎ അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും. ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ മന്ത്രാലയം ഉണ്ടായിരിക്കുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.

പ്രളയദുരന്തബാധിതരെ സന്ദര്‍ശിക്കാനായി കേരളത്തിലെത്തിയതാണ് രാഹുല്‍ ഗാന്ധി. രാവിലെ എട്ടരയോടെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഇന്നും നാളെയും കേരളത്തിലുണ്ടാവും.