ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം: വിശാല സഖ്യത്തിന് മുന്നില്‍ ഫോര്‍മുലയുമായി ശരദ് പവാര്‍

single-img
28 August 2018

2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന കക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയാകുന്നതാകും നല്ലതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നതാകണം ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിനില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം സന്തോഷം നല്‍കുന്ന ഒന്നാണെന്നും പാര്‍ട്ടി യോഗത്തില്‍ പവാര്‍ വ്യക്തമാക്കി.

‘തിരഞ്ഞെടുപ്പ് നടക്കട്ടെ, ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കണം. എന്നിട്ട് പ്രതിപക്ഷനിരയിലെ പാര്‍ട്ടികള്‍ ഒന്നിച്ചിരുന്ന് ഒരു തീരുമാനത്തിലെത്താം. ഏറ്റവും വലിയ കക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയാകുന്നതാകും ഉചിതം. ‘ പവാര്‍ പറഞ്ഞു.

സംസ്ഥാന തലത്തില്‍ ബിജെപി വിരുദ്ധ കക്ഷികളുടെ സഖ്യം ഉണ്ടാക്കുന്നതിനാകണം മുന്‍ഗണന. 1997ലും 2004ലും സംഭവിച്ചതു പോലെ തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയെ കുറിച്ചൊരു തീരുമാനത്തിലെത്താം. 2004ല്‍ ഇന്ത്യ തിളങ്ങുന്നു എന്ന പ്രചരണ മുദ്രാവാക്യവുമായി വാജ്‌പേയ് സര്‍ക്കാര്‍ ജനവിധി തേടിയപ്പോള്‍ പ്രതിപക്ഷത്തു നിന്നും ഒരു പാര്‍ട്ടിയെയോ വ്യക്തിയെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയിരുന്നില്ല.

സമാന നയം തന്നെ ഇത്തവണയും തുടരാം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശക്തരാണ്. ഉത്തര്‍പ്രദേശില്‍ എസ്പി ബിഎസ്പി കൂട്ടുകെട്ടിനാണ് മേധാവിത്വം. ഓരോ സംസ്ഥാനത്തും സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. ശക്തരായ പാര്‍ട്ടികള്‍ക്കു പിന്നില്‍ മറ്റുള്ളവര്‍ അണിനിരക്കുന്നതാകും ബിജെപിയെ വീഴ്ത്താനുള്ള ഏറ്റവും പ്രായോഗികമായ വഴിയെന്നും പവാര്‍ ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്നാണ് ബിജെപി ചോദിക്കുന്നത്. അക്കാര്യത്തില്‍ അവര്‍ ആകുലപ്പെടേണ്ടതില്ല. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1977ല്‍ ഇന്ദിരാഗാന്ധിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടിയല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് എല്ലാ കക്ഷികളും ഒരുമിക്കുകയും മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയാകുകയും ചെയ്തു- ശരത് പവാര്‍ ചൂണ്ടിക്കാട്ടി.