വിവാഹം കഴിക്കാനായി യുവാവ് മതം മാറി; കോടതിയില്‍ എത്തിയപ്പോള്‍ യുവതിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യം

single-img
28 August 2018

പ്രണയത്തിനൊടുവില്‍ മതംമാറുകയും വിവാഹം കഴിയ്ക്കുകയും ചെയ്ത യുവാവിനൊപ്പം പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് യുവതി സുപ്രീം കോടതിയില്‍. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായതാണെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട യുവതിയുടെ ആഗ്രഹം ഒടുവില്‍ കോടതി അംഗീകരിച്ചു. തിങ്കളാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്.

ഫെബ്രുവരിയിലാണ് ഹിന്ദു ജൈന വിഭാഗത്തില്‍പ്പെട്ട 23 കാരിയെ വിവാഹം കഴിക്കാന്‍ 33 കാരനായ മുസ്ലിം യുവാവ് ഹിന്ദു മതം സ്വീകരിച്ചത്. ആര്യാന്‍ ആര്യ എന്ന പേരും ഇയാള്‍ സ്വീകരിച്ചു. ഇരുവരും ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശികളാണ്.

എന്നാല്‍ ഓഗസ്റ്റ് 17 ന് യുവാവ് സുപ്രീം കോടതിയില്‍ ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. യുവതിയുടെ മാതാപിതാക്കളും മതസംഘടനയും യുവതിയെ അകാരണമായി തടഞ്ഞു വെച്ചിരിക്കുന്നുവെന്നാരോപിച്ചാണ് യുവാവ് കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 27ന് യുവതിയെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ആര്യാന്‍ രണ്ട് പ്രാവശ്യം വിവാഹമോചിതനാണെന്നു യുവതി കോടതിയില്‍ വ്യക്തമാക്കി. താന്‍ വിവാഹിതയായെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നും യുവതി പറഞ്ഞു.

മാത്രമല്ല ഇത് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ട് പറയുന്നതല്ലെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി. അതേസമയം മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് യുവതി ഇത്തരത്തില്‍ പ്രതികരിച്ചതെന്നായിരുന്നു യുവാവിന്റെ വാദം. എന്നാല്‍ യുവതി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും തീരുമാനമെടുക്കാന്‍ പ്രാപ്തയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിനൊപ്പം പോകാനിഷ്ടമില്ലെങ്കില്‍ യുവതിയ്ക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകാമെന്ന് കോടതി വിധിക്കുകയായിരുന്നു.