മോദി സര്‍ക്കാരിന് കീഴില്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 6.2 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നു

single-img
28 August 2018

രാജ്യത്തെ നിഷ്‌ക്രിയ ആസ്തി മോദി സര്‍ക്കാരിന്റെ കാലത്ത് കുതിച്ചുയര്‍ന്നതായി പാര്‍ലമെന്ററി ധനകാര്യ സമിതി. 2015 മാര്‍ച്ച് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള മൂന്നു വര്‍ഷ കാലയളവില്‍ കിട്ടാക്കടം 6.2 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

കിട്ടാക്കടം പെരുകിയത് മൂലമുള്ള നഷ്ടത്തില്‍ നിന്ന് കരകയറാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 5.1 ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ സഹായം വേണ്ടിവരും. ഇക്കാര്യത്തില്‍ ആര്‍ബിഐ വേണ്ട വിധത്തില്‍ ഇടപെടലുകള്‍ നടത്തിയിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ വീരപ്പമൊയ്‌ലി അധ്യക്ഷനായ സമിതി കുറ്റപ്പെടുത്തി.

കോര്‍പ്പറേറ്റുകള്‍ക്ക് ആയിരക്കണക്കിന് കോടികള്‍ വായ്പ നല്‍കുന്നതിന് മുമ്പ് ആസ്തി പരിശോധന വേണ്ടവിധം നടത്തിയിരുന്നില്ല എന്നും ഇക്കാര്യത്തില്‍ ആര്‍ബിഐ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളിലേക്ക് വീണ്ടും വായ്പ നല്‍കുന്നത് ഒഴിവാക്കുന്നതില്‍ കേന്ദ്ര ബാങ്ക് പരാജയപ്പെട്ടെന്നും സമിതി വിലയിരുത്തുന്നു. അടുത്ത ശീതകാല സമ്മേളനത്തില്‍ സമിതി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും.