രാജ്യവ്യാപക റെയിഡുകള്‍; നിരവധി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
28 August 2018

ഭീമകൊറേഗാവ് കലാപത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ആരോപിച്ച് അഭിഭാഷകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും വീടുകളില്‍ രാജ്യവ്യാപകമായി പോലീസ് പരിശോധന. മുംബൈ, പുന, ഗോവ, തെലുങ്കാന, ചത്തീസ്ഗഢ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലായിരുന്നു പുന പോലീസ് പരിശോധന നടത്തിയത്.

നിരവധി സാമൂഹ്യപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തക സുധാ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും കവിയും സാമൂഹികപ്രവര്‍ത്തകനുമായ വരാവറ റാവുവിനെ ഹൈദരാബാദില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അരുണ്‍ ഫെറീറ, വെനം ഗൊണ്‍സാല്‍വസ് എന്നീ സാമൂഹികപ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയിലുണ്ട്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് ഇവരില്‍ പലരേയും പൊലീസ് പിടികൂടിയത് എന്നാണ് സൂചന. ഇവരുടെ ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മറ്റു രേഖകള്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെല്ലാം കലാപത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണെന്നാണ് പൊലീസ് ഭാഷ്യം.

2017 ഡിസംബര്‍ 31ന് ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. 2018 ജനുവരി ഒന്നിന് ഭീമകൊറേഗാവ് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ക്ക് ഒരു കാരണമായത് തലേദിവസം നടന്ന പരിപാടിക്കിടെയുള്ള പ്രസംഗങ്ങളാണ് എന്നായിരുന്നു പോലീസ് ആരോപിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോളാണ് സാമൂഹ്യപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ ലഭിച്ചതെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. രാജീവ് ഗാന്ധിയെപ്പോലെ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടെന്ന് പോലീസ് ആരോപിച്ചിരുന്നു.