ഒരു വര്‍ഷത്തിനിടെ മോദിക്ക് വിദേശത്തുനിന്ന് കിട്ടിയത് ലക്ഷങ്ങളുടെ സമ്മാനങ്ങള്‍

single-img
27 August 2018

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനത്തിലൂടെ ലഭിച്ചത് 12.57 ലക്ഷം രൂപയുടെ സമ്മാനങ്ങളെന്ന് കണക്കുകള്‍. 2017-18 കാലത്തെ കണക്കുകള്‍ പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നായി 168 പാരിതോഷികങ്ങളാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

2.15 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തട്ടും 1.25 ലക്ഷം രൂപ വില വരുന്ന പേനയും വാച്ചും ഇക്കൂട്ടത്തിലുണ്ട്. ചെറു പ്രതിമകളും പെയ്ന്റിംഗുകളും ബുക്കുകളും ഫോട്ടോഗ്രാഫുകളുമെല്ലാം സമ്മാനങ്ങളില്‍പ്പെടും. ഒരു ബുള്ളറ്റ് ട്രെയിന്റെ മോഡലാണ് ഇക്കൂട്ടത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം.

സ്ഫടിക, വെള്ളി പാത്രങ്ങള്‍, നേപ്പാള്‍ ക്ഷേത്രങ്ങളായ പശുപതിനാഥ്, മുക്തിനാഥ് ക്ഷേത്രങ്ങളുടെ പകര്‍പ്പുകള്‍, ഷോളുകള്‍, ദേവന്മാരുടെയും ദേവിമാരുടേയും പ്രതിഷ്ഠകള്‍, ടീസെറ്റുകള്‍, കാര്‍പ്പെറ്റുകള്‍, സ്വെറ്ററുകള്‍, മഫ്‌ളറുകള്‍, ഫൗണ്ടന്‍പേനകള്‍ തുടങ്ങിയവയും ഇക്കുട്ടത്തിലുണ്ട്.

50,000 രൂപ മൂല്യം വരുന്ന ഒരു മോസ്‌ക്കിന്റെ ചെറുപതിപ്പും 20,000 രൂപ മതിക്കുന്ന കൃപാണം എന്നിവയും ഇതില്‍പ്പെടും. അതേസമയം ഇതെല്ലാം വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് പുറമേ വിദേശം സന്ദര്‍ശിച്ച ഉദ്യോഗസ്ഥരും 5000 വിലമതിക്കുന്ന സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു ലഭിക്കുന്ന ഉപഹാരങ്ങളുടെ വില അയ്യായിരം രൂപക്ക് മുകളിലാണെങ്കില്‍ ട്രഷറിയില്‍ സൂക്ഷിക്കുകയും, അതില്‍ കുറവാണെങ്കില്‍ അതതു വ്യക്തികള്‍ക്കു തന്നെ നല്‍കുകയുമാണ് ചെയ്യുന്നത്.