ഗൗരി ലങ്കേഷിന്റെയും ദാബോല്‍ക്കറിന്റെയും കൊലപാതകത്തിന് പിന്നില്‍ ഒരേസംഘം: സിബിഐ

single-img
27 August 2018

യുക്തിവാദിയായിരുന്ന നരേന്ദ്ര ദാബോല്‍ക്കറുടെയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് സി.ബി.ഐ കോടതിയില്‍. ഇരുവരെയും കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ചത് ഒരേ തോക്കാണെന്നു സിബിഐ പുണെ കോടതിയെ അറിയിച്ചു.

ദാബോല്‍ക്കര്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതി സച്ചിന്‍ അന്ദുരെയുടെ റിമാന്‍ഡ് നീട്ടിനല്‍കണമെന്ന അപേക്ഷയിലാണു സിബിഐ ഇക്കാര്യം അറിയിച്ചത്. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളില്‍ ഒരാളാണു തനിക്കു തോക്കും മൂന്നു ബുള്ളറ്റുകളും കൈമാറിയതെന്നു സച്ചിന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

2013 ജൂണിലാണു പ്രഭാതനടത്തത്തിനിടെ പുണെയില്‍വച്ച് ധബോല്‍ക്കര്‍ വെടിയേറ്റു മരിക്കുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതു കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലും. ഇരുകേസുകളിലെയും ബന്ധം സംബന്ധിച്ച്, അന്വേഷണസംഘം ആദ്യമായാണ് ഈ കണ്ടെത്തല്‍ പുറത്തുവിടുന്നത്.

രണ്ടു കൊലപാതകങ്ങള്‍ക്കിടയിലും നാലു വര്‍ഷത്തെ ഇടവേള ഉണ്ടെങ്കിലും രണ്ടിലും സനാതന്‍ സന്‍സ്തയുടേതുള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകളില്‍ പെട്ടവര്‍ക്ക് ബന്ധമുള്ളതായി പിന്നീട് തെളിഞ്ഞിരുന്നു. എന്നാല്‍, സി.ബി.ഐ സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയില്‍ ഒരു സംഘടനയുടെയും പേര് പറഞ്ഞിട്ടില്ല.