കുട്ടനാട്ടില്‍ ശുചീകരണം കഴിഞ്ഞാലും 3000 ആളുകള്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ലെന്ന് തോമസ് ഐസക്: പ്രതിപക്ഷം സര്‍ക്കാരിനൊപ്പമെന്ന് രമേശ് ചെന്നിത്തല

single-img
26 August 2018

കുട്ടനാട്ടില്‍ പുനരധിവാസം എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശുചീകരണം കഴിഞ്ഞാലും 3,000 ആളുകള്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കും.

സ്‌കൂളുകളിലെ ക്യാമ്പുകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടില്‍ വെള്ളം ഇറങ്ങാന്‍ വൈകും. വെള്ളം വറ്റിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്നും ഇതിനായി 40 പമ്പുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഥമ പരിഗണന എംസി റോഡിലെ വെള്ളം വറ്റിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സഹായം എല്ലാ ദുരിത ബാധിതര്‍ക്കും നല്‍കുമെന്നും രണ്ടു ദിവസം വീട് വെള്ളത്തില്‍ മുങ്ങിയവര്‍ക്കും സഹായത്തിന് അര്‍ഹതയുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളം പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കാനും പ്രതിപക്ഷം തയ്യാറാണ്.

പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണം. പ്രളയ ദുരിതത്തെത്തുടര്‍ന്ന് ബന്ധുവീടുകളില്‍ അഭയം തേടിയവരെയും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശസഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.