കേരളത്തിന് കേന്ദ്രത്തിന്റെ തിരിച്ചടി; ആഗോള ഏജന്‍സികളുടെ ധനസഹായം സംസ്ഥാനത്തിന് നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
21 August 2018

ന്യൂഡല്‍ഹി: പ്രളയദുരിതത്തില്‍ കഴിയുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ തിരിച്ചടി. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ആഗോള ഏജന്‍സികളുടെ സാമ്പത്തിക സഹായം ഇപ്പോള്‍ കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് സഹായവാഗ്ദാനങ്ങളുമായി യുഎന്‍, റെഡ് ക്രോസ് തുടങ്ങിയ ആഗോള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവരുടെ ഒന്നും സഹായം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ട വൃത്തങ്ങളെ അറിയിച്ചിരിക്കുന്നത്.

ദേശീയദുരന്തനിവാരണ അതോറിറ്റി വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ആഗോളഏജന്‍സികളുടെ സഹായം വേണ്ടെന്ന് ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന ആശയവിനിമയത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണെന്നും ഇവ നടപ്പാക്കാന്‍ വേണ്ട പിന്തുണ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ദുരന്തപ്രതിരോധപ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടത്തില്‍ അതായത് പുനര്‍നിര്‍മ്മാണം നടത്തുന്ന സന്ദര്‍ഭത്തില്‍ ആഗോളഏജന്‍സികളുടെ സഹായം വേണമെങ്കില്‍ അതാവാം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം.

കേരളത്തില്‍ നടപ്പാക്കേണ്ട എന്തെങ്കിലും പദ്ധതി മാതൃകകള്‍ ഏജന്‍സികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കില്‍ അത് പരിശോധിക്കാം എന്നും സര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന. ഐക്യരാഷ്ട്രസഭയടക്കം ഏത് ആഗോള ഏജന്‍സികള്‍ക്കും രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.