കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലും റെഡ് അലര്‍ട്ട്; കനത്ത മഴയ്ക്ക് സാധ്യത: പന്തളംനഗരം പൂര്‍ണമായി മുങ്ങി

single-img
17 August 2018

തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം ജില്ല മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാകും മഴ ശക്തമായി പെയ്യുന്നത്. തെക്കന്‍ കേരളത്തില്‍ കാര്യമായ മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതിനിടെ പന്തളം നഗരം പൂര്‍ണമായി മുങ്ങി. പന്തളം നഗരത്തില്‍ റോഡിലൂടെ പുഴ ഒഴുകുകയാണ്. വെള്ളം അതിവേഗം കുത്തിയൊലിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. നീണ്ടകരയില്‍നിന്ന് നൂറോളം ബോട്ടുകളും തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് 50 ബോട്ടുകളും എത്തിച്ച് പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

23 ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. പമ്പയില്‍ വെള്ളം ഇറങ്ങുന്നുണ്ട്. ആറന്മുളയില്‍ വ്യോമമാര്‍ഗം ഭക്ഷണം വിതരണം ചെയ്യാന്‍ ആരംഭിച്ചു. തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്.

രണ്ടു ദിവസമായി ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ആയിരക്കണക്കിനുപേരാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. റാന്നി, കോഴഞ്ചേരി, മാരാമണ്‍, ആറന്‍മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.