മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ മോഹന്‍ലാലിന്റെ നാടകീയ എന്‍ട്രി

single-img
14 August 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ നല്‍കുമെന്ന് പറഞ്ഞ 25 ലക്ഷം രൂപ കൈമാറി. ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം പുരോഗമിക്കവെ മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറല്‍.

എല്ലാവർക്കും ഇഷ്ടമുള്ളൊരാൾ ഇപ്പോൾ വരുമെന്നു മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു. പിന്നാലെ നാടകീയമായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെയുള്ള എന്‍ട്രി. തിരുവനന്തപുരത്തു ചിത്രീകരണം തുടരുന്ന ലൂസി‌ഫറിന്‍റെ സെറ്റില്‍നിന്ന് അതേ രൂപഭാവങ്ങളിലായിരുന്നു വരവ്.

‘ഇവരെല്ലാം ഇവിടെയുള്ളപ്പോള്‍ ഇവരുടെ മുന്നിലാവട്ടെ നിങ്ങള്‍ ഫണ്ട് തരുന്നത്’ എന്നായിരുന്നു മോഹന്‍ലാലിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ആയിക്കോട്ടെ എന്ന് മോഹന്‍ലാലും മറുപടി പറഞ്ഞു. വ്യക്തിയെന്ന നിലയിലുള്ള സഹായമാണ് നല്‍കിയതെന്നും സംഘടന എന്ന നിലയിലുള്ള ‘അമ്മ’യുടെ കൂടുതല്‍ സഹായം പിന്നീട് നല്‍കുമെന്നും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയാണ് താരസംഘടനയായ ‘അമ്മ’ നേരത്തേ നല്‍കിയത്. ‘അമ്മ’യുടെ സഹായം കുറഞ്ഞുപോയെന്ന വിമര്‍ശനങ്ങള്‍ക്കിടെ അത് ആദ്യഘട്ട സഹായമായിരുന്നുവെന്നും കൂടുതല്‍ സഹായം വൈകാതെ നല്‍കുമെന്നും സംഘടനയ്ക്കുവേണ്ടി തുക കൈമാറിയ മുകേഷും ജഗദീഷും പ്രതികരിച്ചിരുന്നു.