സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്പേര്‍ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: ജസ്റ്റീസ് കെ.എം. ജോസഫ് ഉള്‍പ്പെടെ മൂന്നു പേര് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ജസ്റ്റീസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്ക് ശേഷം മൂന്നാമതാണ് ജസ്റ്റീസ് കെ.എം. ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 25 ആയി.
മുന്‍നിശ്ചയിച്ച സീനിയോറിറ്റി പ്രകാരമായിരുന്നു സത്യപ്രതിജ്ഞ.
15 മിനിട്ട് മാത്രം നീണ്ടുനിന്ന സത്യപ്രതിജ്ഞാ ചടങ്ങിനായിരുന്നു ചീഫ് ജസ്റ്റിസിന്റെ കോടതി സാക്ഷിയായത്. മുതിര്‍ന്ന അഭിഭാഷകരും ജഡ്ജുമാരും തിങ്ങിനിറഞ്ഞ കോടതിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ചീഫ് ജസ്റ്റിസിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ചുമതലപ്പെടുത്തിയ രാഷ്ട്രപതിയുടെ അറിയിപ്പ് വായിച്ചതോടെയാണ് സത്യപ്രതിജ്ഞയുടെ നടപടികള്‍ക്ക് തുടക്കമായത്.
ജസ്റ്റീസ് ജോസഫിനെ ജനുവരി പത്തിനു ശിപാര്‍ശ ചെയ്തതു കണക്കാക്കാതെ സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയില്‍ മൂന്നാമതായി ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊളീജിയം ആദ്യം ശിപാര്‍ശ ചെയ്തത് ജസ്റ്റീസ് ജോസഫിന്റെ പേരായതിനാല്‍ സീനിയോരിറ്റി അദ്ദേഹത്തിനാണെന്നായിരുന്നു കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാരുടെ നിലപാട്. എന്നാല്‍ ജസ്റ്റീസ് കെ.എം. ജോസഫിന്റെ സീനിയോരിറ്റി വിഷയത്തില്‍ നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.
4 വര്‍ഷവും 10 മാസവും സുപ്രീംകോടതി ജഡ്ജിയായി കെ എം ജോസഫിന് സേവനമനുഷ്ഠിക്കാനാകും. 7 മാസം കൊളീജിയം അംഗമായും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാം.