ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി;പണിമുടക്ക് പൂര്‍ണം;ഒറ്റ ബസുപോലും നിരത്തിലിറക്കാതെ കെ.എസ്.ആര്‍.ടി.സി

single-img
7 August 2018

കൊച്ചി: ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മോട്ടോര്‍ വാഹന മേഖലയിലെ എല്ലാ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കും.

അഖിലേന്ത്യാ മോട്ടാര്‍ വാഹന പണിമുടക്കു ദിവസം തന്നെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ചത് ജനങ്ങളെ വലച്ചു. അര്‍ദ്ധരാത്രി 12 മണിമുതല്‍ ഇതുവരെ കേരളത്തിലെ ഒരു കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ഒറ്റ വണ്ടി പോലും ഓടിയിട്ടില്ല.

കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.