മീശ വിവാദം; മാതൃഭൂമിയില്‍ നിന്നും ഭീമ പരസ്യം പിന്‍വലിച്ചു;ഭീമയെ ജനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബല്‍റാം

single-img
5 August 2018

തിരുവനന്തപുരം: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസദ്ധീകരിച്ചുവന്നിരുന്ന എസ് ഹരീഷിന്റെ മീശ നോവലിനെതിരേയുള്ള സംഘപരിവാര്‍ ഭീഷണിയില്‍ കുലുങ്ങി സ്വര്‍ണ്ണ വ്യാപാര രംഗത്തെ ഭീമന്‍മാരായ ഭീമ ജ്വല്ലേ‍ഴ്സ്. ഫേസ്ബുക്കില്‍ ഉപഭോക്താക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് പരസ്യം നല്‍കുന്നത് നിര്‍ത്തി വെയ്ക്കുന്നതെന്നാണ് ജ്വല്ലറി നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

ഒരു മലയാളി ദിനപത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറേ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ഇത് ഞങ്ങള്‍ ഗൗരവത്തോടെ കാണുന്നു എന്ന് പറഞ്ഞാണ് ഭീമയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

പരസ്യങ്ങള്‍ മുന്‍ കൂട്ടി നല്‍കിയതാണെന്നും, പരസ്യ ഏജന്‍സിയാണ് പരസ്യങ്ങളുടെ കാര്യം തീരുമാനിക്കുന്നതെന്നും പോസ്റ്റില്‍ ന്യായീകരണമുണ്ട്.

എസ് ഹരീഷിന്‍റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനുപിന്നാലെ എ‍ഴുത്ത്കാരനും പത്രത്തിനും എതിരെ കൂട്ടായ സംഘപരിവാര്‍ അക്രമമാണ് സൈബര്‍ ഇടങ്ങളില്‍ നടക്കുന്നത്.നോവലിലെ പരാമര്‍ശങ്ങള്‍ ഹിന്ദുമത ആചാരങ്ങളെ വൃണപ്പെടുത്തുന്നതും മത വിശ്വാസികളെ അവഹേളിക്കുന്നതുമാണെന്നും പറഞ്ഞാണ് സംഘപരിവാര്‍ നോവലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.

ഇതിന് പിന്നാലെ മാതൃഭൂമി നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസി ബുക്ക്സ് നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ആദ്യഘട്ടത്തില്‍ മാതൃഭൂമി പത്രവും അനുബന്ധപ്രസിദ്ധീകരണങ്ങളേയും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത പ്രതിഷേധക്കാര്‍ രണ്ടാം ഘട്ടത്തില്‍ പത്രത്തിന് പരസ്യം നല്‍കുന്നവരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിരുന്നു.

ഈ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മാതൃഭൂമിക്ക് പരസ്യം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഭീമ ജ്വല്ലേഴ്‌സ് ഇന്ന് അറിയിച്ചത്.

ഒരു മലയാളം ദിന പത്രത്തിൽ ഞങ്ങൾ പരസ്യം നൽകിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജിൽ കുറെ അധികം പേർ…

Posted by Bhima Jewellers on Saturday, August 4, 2018

അതേസമയം മാതൃഭൂമിയെ ബഹിഷ്‌ക്കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമയെ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളും തയ്യാറാകണമെന്ന് വിടി ബല്‍റാം എംഎല്‍എ. ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി പത്രത്തിലെ പരസ്യങ്ങള്‍ നിര്‍ത്തുന്നുവെന്ന ഭീമയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ബല്‍റാം.

ഇപ്പോള്‍ത്തന്നെ ഭീമയില്‍ നിന്നേ ഇനി സ്വര്‍ണ്ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികള്‍ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍പ്പിന്നെ അതങ്ങനെത്തന്നെയാവട്ടെ, സംഘികള്‍ ഭീമയില്‍ നിന്ന് തന്നെ സ്വര്‍ണ്ണം വാങ്ങട്ടെ, സംഘികള്‍ മാത്രം ഭീമയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങട്ടെയെന്നും ബല്‍റാം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഒരു സ്വർണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം എതിര് നിന്നാൽ മാധ്യമ സ്ഥാപനത്തിന് പിന്തുണ നൽകുക എന്നതിൽ ജനാധിപത്യവിശ്വാസികൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് മാതൃഭൂമിയെ ബഹിഷ്ക്കരിക്കാൻ ഭീമ തയ്യാറായാൽ ഭീമയെ ബഹിഷ്ക്കരിക്കാൻ ജനങ്ങളും തയ്യാറാകണം.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഇപ്പോൾത്തന്നെ ഭീമയിൽ നിന്നേ ഇനി സ്വർണ്ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികൾ ക്യാംപയിൻ തുടങ്ങിക്കഴിഞ്ഞു. എന്നാൽപ്പിന്നെ അതങ്ങനെത്തന്നെയാവട്ടെ, സംഘികൾ ഭീമയിൽ നിന്ന് തന്നെ സ്വർണ്ണം വാങ്ങട്ടെ, സംഘികൾ മാത്രം ഭീമയിൽ നിന്ന് സ്വർണ്ണം വാങ്ങട്ടെ.

ഒരു സ്വർണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം എതിര് നിന്നാൽ മാധ്യമ സ്ഥാപനത്തിന് പിന്തുണ നൽകുക എന്നതിൽ…

Posted by VT Balram on Saturday, August 4, 2018