“ഇയാൾ കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്”;രാജിഭീഷണിയും മുഴക്കി മോഹൻലാല്‍

single-img
5 August 2018

കൊച്ചി: യുവനടിയെ ആക്രമിച്ച്‌ അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തര കലഹമെന്ന് റിപ്പോര്‍ട്ട്. വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ സർക്കാരിന് നല്കിയ കത്ത് പൂഴ്ത്തിയതുമുതൽ മോഹൻലാലിന്റെ രാജിഭീഷണിവരെ ചേരിപ്പോര് നീണ്ടു.

വനിതാ ജ‌ഡ്‌ജി വേണമെന്ന നടിയുടെ ആവശ്യത്തെ പിന്തുണച്ച്‌ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു,​ എന്നാല്‍ ഈ കത്ത് കേസിലെ എട്ടാം പ്രതിയായ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം ഇടപെട്ട് പൂഴ്‌ത്തിയിരുന്നു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനുള്ള തന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടതില്‍ മോഹന്‍ലാല്‍ കടുത്ത അതൃപ്തിയിലായിരുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍ ദിലീപ് പേടിക്കുന്നത് എന്തിനാണെന്നും എല്ലാ കാര്യങ്ങളിലും അട്ടിമറി നീക്കം നടത്തുന്നത് എന്തിനാണെന്നും മോഹന്‍ലാല്‍ ഒരവസരത്തില്‍ ക്ഷുഭിതനായി ചോദിക്കുകയും ചെയ്തു. ഇങ്ങനെയാണെങ്കില്‍ താന്‍ തുടരില്ലെന്നും രാജിവയ്ക്കുകയാണെന്നും മോഹന്‍ലാല്‍ ഭീഷണി മുഴക്കി. ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടപെട്ട് ഏറെനേരം പണിപ്പെട്ടാണ് മോഹന്‍ലാലിനെ അനുനയിപ്പിച്ചത്.

ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം നിന്നില്ലെന്ന വിമര്‍ശനത്തില്‍ നിന്ന് മുഖം രക്ഷിക്കുന്നതിന് വേണ്ടി നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ എക്സിക്യുട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍ കുട്ടിയും തയ്യാറായത്.അഭിഭാഷക ബിരുദമുള്ള മറ്റൊരു എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഇതിനുള്ള രേഖകൾ തയ്യാറാക്കി നല്‍കിയിരുന്നു.

ഇതിനിടെ ദിലീപ് മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്തഗിയുമായി ഡൽഹിയിൽ ചർച്ച നടത്തിയ വാർത്തകൾ പുറത്തുവന്നു. നടിക്കുവേണ്ടി കൂടുതൽ പരിചയസമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നത് കക്ഷിചേരൽ അപേക്ഷയിൽ ഉൾപ്പെടുത്തിയത് ഇതുമൂലമാണെന്ന് അപേക്ഷ തയ്യാറാക്കിയ നടൻ പറയുന്നു.

അമ്മ സര്‍ക്കാരിന് കൊടുക്കാന്‍ ഉദ്ദേശിച്ച കത്ത് പൂഴ്‌ത്തിയതിന് പിന്നില്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള മുതിര്‍ന്ന ഭാരാവാഹിയാണെന്നാണ് സൂചന. കത്ത് മുഖ്യമന്ത്രിയുടെ കൈവശം എത്താതിരിക്കാന്‍ ആ വ്യക്തി തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു.