മുഖ്യമന്ത്രിക്ക് തമ്പുരാൻ മനോഭാവമെന്ന് ചെന്നിത്തല;കുട്ടനാട് അവലോകന യോഗം പ്രഹസനമായി

single-img
5 August 2018

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലെ ജനങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് മനസില്ല എന്നതാണ് യാഥാര്‍ഥ്യം. കുട്ടനാട് അവലോകനയോഗം പ്രഹസനമായി. പ്രളയദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് മന്ത്രിമാര്‍ പ്രളയബാധിതമേഖലയിലെത്തിയത്. അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തത് ഒന്നര മണിക്കൂര്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച്‌ അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ആലപ്പുഴയിലെ പ്രളയമേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇത് വിവാദമായതോടെ മുഖ്യമന്ത്രി കുട്ടനാട്ടില്‍ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചിരുന്നതാണ്.

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലയിൽ ആയിരം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. വിവിധ വകുപ്പുകൾ തയ്യാറാക്കിയ നഷ്ടക്കണക്കുകൾ എട്ടിന് ജില്ലയിലെത്തുന്ന കേന്ദസംഘത്തിന് മുന്നിൽ വയ്ക്കും

അതേസമയം യോഗത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷത്തിനെതിരെ മന്ത്രിമാര്‍ രംഗത്തെത്തി. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. അതേസമയം, പ്രകടനപരതയിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് മാത്യു.ടി.തോമസും പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് തോമസ് ഐസകും പറഞ്ഞു.എന്നാല്‍, കുട്ടനാട് സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.