ഉത്തര്‍പ്രദേശിലെ ‘കാവിവത്കരണത്തെ’ പരിഹസിക്കുന്ന കോണ്‍ഗ്രസ് സ്വന്തം മീഡിയ സെന്ററിന് കാവി നിറമടിച്ചു

single-img
4 August 2018

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മീഡിയ സെന്ററിന് കാവി നിറമടിച്ചത് വിവാദത്തില്‍. ലക്‌നൗവിലെ മാള്‍ അവന്യൂവിലുള്ള കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിലെ മീഡിയ സെന്ററിനാണ് അബദ്ധത്തില്‍ കാവി നിറത്തിലുള്ള പെയിന്റടിച്ചത്.

മീഡിയ സെന്ററിലെ വക്താവിന്റെ ഡെസ്‌കിന് പിറകിലുള്ള ചുവരാണ് കാവിപൂശിയത്. മീഡിയ സെന്ററിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള സന്ദര്‍ശകരും ഇത് ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ പെയിന്ററുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്നാണ് യു.പി കോണ്‍ഗ്രസ് കമ്മിറ്റി അധികൃതര്‍ പറയുന്നത്.

ചുവരിന് മഞ്ഞ നിറമായിരുന്നു അടിക്കേണ്ടിയിരുന്നത്. പെയിന്റര്‍ക്ക് ചിലപ്പോള്‍ മാറിയതാവാം’ നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് രാത്രിതന്നെ കാവിക്കു മുകളില്‍ വെള്ളനിറമടിച്ചു. നേരത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സെക്രട്ടറിയേറ്റിന് കാവി നിറം നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ശാസ്ത്രി ഭവന്‍, ലഖ്‌നൗ ഹജ്ജ് ഹൗസ് എന്നീ കെട്ടിടങ്ങളും യോഗി സര്‍ക്കാര്‍ കാവി പൂശിയത് വിവാദമായിരുന്നു.