വിവാദങ്ങള്‍ക്ക് വിട; ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച് ഉത്തരവിറങ്ങി

single-img
4 August 2018

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറങ്ങി. നിയമന ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമ മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. ജസ്റ്റിസ് ഋഷികേഷ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

എട്ടുമാസത്തെ വിവാദങ്ങള്‍ക്കൊടുവിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ കെ.എം.ജോസഫിന്റെ നിയമനം. ജസ്റ്റിസ് കെ.എം ജോസഫിനൊപ്പം സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയെയും രാഷ്ട്രപതി സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു.

കൊളീജിയത്തിന്റെ രണ്ടാം ശുപാര്‍ശയിലാണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം. ആദ്യ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തളളിയത് ജുഡീഷ്യറിയും സര്‍ക്കാരും തമ്മിലുളള ഏറ്റുമുട്ടലിന് വഴിയൊരുക്കിയിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊളീജിയം രണ്ടാംതവണ അയച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

സീനിയോരിറ്റി അടക്കം കാരണങ്ങള്‍ പറഞ്ഞാണ് നേരത്തെ ജോസഫിന്റെ ഫയല്‍ കേന്ദ്രസര്‍ക്കാര്‍ മടക്കിയത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അടക്കം ജുഡീഷ്യറിയിലെ ഉന്നതര്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാണ് നിയമനം അംഗീകരിക്കാത്തതിന് പിന്നിലെന്ന് പ്രതിപക്ഷവും ആരോപിച്ചു.

ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലൊക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ.സിക്രി എന്നിവരുമുള്‍പ്പെട്ട കൊളീജിയമാണ് ഇവരെ ശുപാര്‍ശ ചെയ്തിരുന്നത്. ജസ്റ്റിസ് ജോസഫിന്റെ പേര് പ്രത്യേകമായാണു ശുപാര്‍ശ ചെയ്തത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നും പട്‌ന ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.