ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റൺസിന്റെ തോൽവി

single-img
4 August 2018

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 31 റണ്‍സിനാണ് ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്‌സില്‍ 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 162 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്.

ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി ഉൾപ്പെടെ മൽസരത്തിലാകെ 200 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പോരാട്ടം വൃഥാവിലാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിൽ തോൽവിയോടെ തുടക്കമിട്ടത്. ഇതോടെ അഞ്ചു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് ഒൻപതു മുതൽ ലോർഡ്സിൽ ആരംഭിക്കും.

നാലാം ദിവസം വിജയത്തിലേക്ക് 84 റണ്‍സ് തേടിയിറങ്ങിയ ഇന്ത്യയ്ക്ക് 20 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആന്‍ഡേഴ്‌സനായിരുന്നു വിക്കറ്റ്. സ്‌കോര്‍ 141 എത്തിയപ്പോള്‍ കോലിയും മടങ്ങി. അതേ ഓവറില്‍ തന്നെ സ്‌റ്റോക്‌സ് മുഹമ്മദ് ഷമിയേയും മടക്കി. പിന്നാലെ 15 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആദില്‍ റഷീദ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

മുരളി വിജയ് (6), ശിഖര്‍ ധവാന്‍ (13), കെ. എല്‍. രാഹുല്‍ (13), അജിങ്ക്യ രഹാനെ (2), ആര്‍.അശ്വിന്‍ (13) എന്നിവര്‍ക്ക് ആര്‍ക്കും തന്നെ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും കോലി ക്രീസില്‍ തുടര്‍ന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഒന്നാം ഇന്നിങ്സില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിങ് നിരയെ ഒറ്റയ്ക്ക് താങ്ങി നിര്‍ത്തിയതും കോലിയായിരുന്നു.

149 റണ്‍സെടുത്ത കോലിയുടെ മികവിലാണ് ഇന്ത്യ 274 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റ്യുവര്‍ട്ട് ബ്രോഡും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. സാം കറനും ആദില്‍ റഷീദും ഒരോ വിക്കറ്റ് വീതമെടുത്തു.