ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചുകൊന്നു

single-img
4 August 2018

ജമ്മു: ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയുടെ വസതിയിലേക്കു കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊലപ്പെടുത്തി. ബാത്തിന്‍ഡിയിലെ വീട്ടില്‍ ഫറൂഖ് അബ്ദുള്ള ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണശ്രമം. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരിക്കേറ്റു.

കാറിലെത്തിയ ഇയാള്‍ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ വീട്ടിലെ വസ്തുക്കള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ക്കുകയും ഇയാള്‍ മരിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും താനും പിതാവും ഭട്ടിന്‍ഡയിലാണെന്നും ഫാറൂഖിന്റെ മകന്‍ ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

അക്രമി മുന്‍വശത്തെ വാതില്‍വഴി വീടിനുള്ളില്‍ പ്രവേശിച്ചുവെന്നും മുകളിലത്തെ നില വരെയെത്തിയെന്നും ഒമര്‍ അറിയിച്ചു. കൊല്ലപ്പെട്ട അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ കില്ലോറ ഗ്രാമത്തില്‍ ഇന്നുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ചു ലഷ്‌കറെ തയിബ ഭീകരരെ വധിച്ചു.

രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യം കില്ലോറ ഗ്രാമം വളഞ്ഞപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ ഡിജിപി എസ്.പി.വൈദ് അറിയിച്ചു. ഇന്നലെ സോപൂര്‍ ജില്ലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചിരുന്നു.