മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവ് പാര്‍ട്ടി ഏറ്റെടുക്കില്ല; സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് സിപിഎം

single-img
3 August 2018

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുന്നുവെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം തള്ളി സിപിഎം നേതൃത്വം. മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് വഹിക്കേണ്ടത് സര്‍ക്കാരാണ്. കാലാകാലങ്ങളായി അത് തന്നെയാണ് പതിവെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും നേതൃത്വം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് ഈ മാസം 19 ന് യാത്രതിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം അടുത്ത മാസം ആറിന് മടങ്ങിയെത്തും. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്ന സ്ഥലമാണ് മയോക്ലിനിക്ക്.

ചികിത്സയുടെ പൂര്‍ണചെലവ് സര്‍ക്കാര്‍ വഹിക്കാനാണ് തീരുമാനം. വാര്‍ത്ത പുറത്തു വന്നതോടെ ഇതേ ചൊല്ലി വിവാദങ്ങളും സജീവമായി. ഇതിന് പിന്നാലെയാണ് പിണറായി വിജയന് ജനങ്ങളുടെ പണം വേണ്ട, ചികിത്സാചെലവ് പാര്‍ട്ടി ഏറ്റെടുത്തുവെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചരണം ശക്തമായത്. എന്നാല്‍ ഇത്തരം പ്രചരണത്തെക്കുറിച്ച് പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാനനേതൃത്വം പ്രതികരിച്ചു.