‘മകളും വൈദികനും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരം’; കൊട്ടിയൂര്‍ പീഡനക്കേസില്‍ മകള്‍ക്കു പിന്നാലെ അമ്മയും കൂറുമാറി

single-img
3 August 2018

കൊട്ടിയൂര്‍ പീഡനക്കേസില്‍ രണ്ടാം സാക്ഷിയും കൂറുമാറി. ഒന്നാം സാക്ഷിയും ഇരയുമായ പെണ്‍കുട്ടി കൂറുമാറിയതിന് പിന്നാലെയാണ് രണ്ടാം സാക്ഷിയായ ഇരയുടെ മാതാവും വിചാരണക്കിടെ കോടതിയില്‍ കൂറുമാറിയത്. കേസിലെ മുഖ്യ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കെതിരെ തങ്ങള്‍ക്ക് പരാതിയില്ലന്ന് പെണ്‍കുട്ടിയുടെ മാതാവ് കോടതിയെ അറിയിച്ചു.

മകളും വൈദികനും തമ്മില്‍ ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഈ സമയം മകള്‍ക്ക് പ്രായപൂര്‍ത്തിയെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകളില്‍ 1999ആണ് ജനനവര്‍ഷം രേഖപ്പെടുത്തിയിട്ടുളളത്.

എന്നാല്‍ 1997ലാണ് പെണ്‍കുട്ടി ജനിച്ചതെന്നും ഇക്കാര്യം മാമോദീസ രേഖയിലുണ്ടെന്നും മാതാവ് കോടതിയെ അറിയിച്ചു. പ്രായം തെളിയിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനക്ക് വിധേയയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞദിവസം വിസ്താരത്തിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

വിചാരണയുടെ മൂന്നാം ദിവസവും പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴിയെടുക്കുന്നത് തുടരും. കേസിലെ മൂന്നാം സാക്ഷിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയും കോടതി രേഖപ്പെടുത്തും. കേസിലെ ഒന്നും രണ്ടും സാക്ഷികള്‍ മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായിട്ടുണ്ട്.

നേരത്തെ, പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണ്.

ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സ്വന്തം താല്‍പര്യപ്രകാരമാണ് വൈദികനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സര്‍ട്ടിഫിക്കറ്റിലുള്ളതല്ല തന്റെ യഥാര്‍ഥപ്രായമെന്നും പെണ്‍കുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചു.

വൈദികനുമൊത്തുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്. മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അത് ഭീഷണിയെ തുടര്‍ന്നായിരുന്നുവെന്നും ബോധിപ്പിച്ചു. ഇതോടെ ഒന്നാംസാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരുന്നു.