ഇന്ത്യ, ബ്രസീല്‍ തിരഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെട്ടേക്കുമെന്ന് മുന്നറിയിപ്പ്

single-img
3 August 2018

ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പുകളിലും റഷ്യന്‍ ഇടപെടലുകള്‍ ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയുമാകും ഇടപെടലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ സമൂഹമാധ്യമ വിദഗ്ധന്‍ ഫിലിപ്പ് എന്‍. ഹോവാര്‍ഡാണു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണത്തില്‍ യുഎസ് സെനറ്റ് ആന്റ് ഹൗസ് ഇന്റലിജന്‍സ് കമ്മറ്റി നടത്തിയ തെളിവെടുപ്പിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ഈ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ക്ക് അമേരിക്കന്‍ മാധ്യമങ്ങളേക്കാള്‍ പ്രൊഫഷണലിസവും പക്വതയും കുറവായതിനാല്‍ ഇത്തരമൊരു സാഹചര്യം ഭീതിജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ അമേരിക്കയെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിച്ചുവെന്നും ഇപ്പോള്‍ അവരുടെ ശ്രദ്ധ അടുത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയിലേക്കും ബ്രസീലിലേക്കും തിരിഞ്ഞിട്ടുണ്ടെന്നുമാണ് ഫിലിപ്പ്.എന്‍. ഹൊവാര്‍ഡ് ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ഫിലിപ്പ് തയ്യാറായില്ല. നേരത്തെ, കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫെയ്‌സ്ബുക്കില്‍നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി യുഎസ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ബ്രിട്ടനിലെ ബ്രെക്‌സിറ്റ് കാലത്തും ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.