വി.എം. സുധീരന്‍ രാജിവച്ചു; യുഡിഎഫില്‍ പൊട്ടിത്തെറി

single-img
2 August 2018

തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന്‍ രാജിവച്ചു. കെപിസിസി നേതൃത്വത്തെ ഇമെയിലിലൂടെയാണ് വിവരം അറിയിച്ചത്. കോണ്‍ഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെതിരെ സുധീരന്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു രാജിയെന്നാണു സൂചന.

അതേസമയം രാജിവെക്കാനുണ്ടായ സാഹചര്യമെന്താണെന്നും കാരണമെന്താണെന്നും സുധീരന്‍ ഇമെയിലില്‍ സൂചിപ്പിച്ചിട്ടില്ല. രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് തുറന്ന പ്രതികരണമായിരുന്നു സുധീരന്‍ നടത്തിയിരുന്നത്. ഇതിന് ശേഷം നടന്ന യുഡിഎഫ് യോഗത്തിലൊന്നും അദ്ദേഹം പങ്കെടുത്തിട്ടുമില്ല. സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട് കെ.എസി.സി നേതൃത്വം പ്രതികരിച്ചിട്ടില്ല.

കെഎം മാണി അംഗമായ ഉന്നതാധികാര സമിതിയിലേക്ക് താനില്ലെന്ന് തരത്തിലുള്ള സുധീരന്റെ രാജി പ്രഖ്യാപനം കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കളം ഒരുക്കും. കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് പാര്‍ട്ടി കേരളാ കോണ്‍ഗ്രസിന് വിട്ടു കൊടുത്തതില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും അതൃപ്തിയുണ്ട്.

അവരുടെ പ്രതിഷേധം പാര്‍ട്ടിയില്‍ പ്രകടമാക്കുന്നതിന് സുധീരന്റെ രാജി വഴി സാധിക്കുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇനി വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ആഞ്ഞടിച്ച് സുധീരന്‍ രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ത്തുന്നത്. താന്‍ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടമായില്ല. പ്രസിഡന്റയായ ശേഷം താന്‍ ഉമ്മന്‍ചാണ്ടിയെ വീട്ടില്‍ പോയി കണ്ടിരുന്നു. അന്നും അദ്ദേഹം അനിഷ്ടം പ്രകടമാക്കി.

ചെങ്ങന്നൂരില്‍ പരാജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനവിശ്വാസം ആര്‍ജിക്കാന്‍ സാധിക്കാതെ പോയതാണ്. പല നിര്‍ണായക സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് എതിരെ ജനപക്ഷത്ത് നിന്ന് ഫലപ്രദമായ പ്രതികരണം പ്രതിപക്ഷത്ത് നിന്നുണ്ടായിട്ടില്ല. പേരിനുള്ള പ്രതിഷേധം മാത്രമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

വിഴിഞ്ഞം കരാറില്‍ ഉമ്മന്‍ ചാണ്ടി എഐസിസി നിര്‍ദേശം പോലും അവഗണിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, എ കെ ആന്റണി എന്നിവരെ തന്റെ നേതാക്കന്മാരായിട്ടാണ് കാണുന്നത്. പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാതെ ഗ്രൂപ്പ് മാനേജര്‍മാര്‍ മുന്നോട്ട് പോകുന്നത് പാര്‍ട്ടിക്ക് ദോഷകരമായി ഭവിക്കുന്നു. ഉമ്മന്‍ചാണ്ടിയും എം എം ഹസനും അടക്കമുള്ള നേതാക്കള്‍ പരസ്യപ്രസ്താവന വിലക്ക് ലംഘിച്ചിട്ടുണ്ട്… തുടങ്ങി പൂട്ടിക്കിടന്നിരുന്ന ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരെ ഉന്നയിച്ച് സുധീരന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.