സിപിഎമ്മും യുഡിഎഫും ഒറ്റക്കെട്ടായി നിന്നു; കാറഡുക്ക പഞ്ചായത്തില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായി

single-img
2 August 2018

കാസര്‍കോട് കാറഡുക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള സിപിഎമ്മിന്റെ അവിശ്വാസപ്രമേയം പാസായി. ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ കൊണ്ടു വന്ന അവിശ്വാസപ്രമേയത്തെ യുഡിഎഫ് പിന്തുണച്ചു. 15 അംഗ പഞ്ചായത്തില്‍ ബിജെപിക്ക് ഏഴംഗങ്ങളുടെ പിന്തുണയുണ്ട്.

അഞ്ച് സിപിഎം, രണ്ട് മുസ്‌ലിം ലീഗ്, ഒരു കോണ്‍ഗ്രസ്സ് സ്വതന്ത്രന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രതിപക്ഷം. സിപിഎം നീക്കത്തെ യുഡിഎഫ് പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസായത്. ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി.സ്വപ്‌നയാണ് പുറത്തായത്.

പതിനെട്ട് വര്‍ഷമായി ബിജെപി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സിപിഎം അവിശ്വാസപ്രമേയം കൊണ്ടു വന്നത്. യുഡിഎഫിന്റെ പ്രാദേശിക നേതൃത്വം കൈക്കൊണ്ട തീരുമാനത്തെ ജില്ലാ നേതൃത്വം നേരത്തെ അംഗീകരിച്ചിരുന്നു.

അതേസമയം, പ്രസിഡന്റ് സ്ഥാനം ഉള്‍പ്പടെയുള്ള കാര്യത്തില്‍ പിന്നീട് ചര്‍ച്ച നടത്തി തിരുമാനിക്കുമെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം മറ്റന്നാള്‍ നടക്കും. ഇതോടെ ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകള്‍ മൂന്നായി ചുരുങ്ങി.

മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബിജെപി ഭരണമുള്ളത്. എന്‍മകജെയിലും യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് അടുത്തയാഴ്ച നടക്കും.