കുവൈറ്റില്‍ നിന്ന് യാത്രക്കാരുമായെത്തിയ ജസീറ എയര്‍വേയ്‌സ് വിമാനത്തിന് ലാന്‍ഡിങ്ങിനിടെ തീപിടിച്ചു; വീഡിയോ

single-img
2 August 2018

ഹൈദരാബാദില്‍ ജസീറ എയര്‍വേയ്‌സിന്റെ വിമാനത്തിന് തീപിടിച്ചു. കുവൈറ്റില്‍ നിന്ന് ഹൈദരാബാദിലെത്തിയ വിമാനത്തിന് ലാന്‍ഡിങ്ങിനിടെയാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 145 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

റണ്‍വേയിലേക്ക് വിമാനം ഇറങ്ങിയതിനു പിന്നാലെയായിരുന്നു തീപിടിത്തം. എയര്‍ ട്രാഫിക് കണ്‍ട്രോളിലെയും ഗ്രൗണ്ട് സ്റ്റാഫിലെയും ചിലരാണ് ചെറിയ തീപ്പൊരി ആദ്യം ശ്രദ്ധിച്ചത്. പൈലറ്റിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ രണ്ട് എന്‍ജിനുകളും നിര്‍ത്തിയത് രക്ഷയായി.

തുടര്‍ന്ന് അഗ്‌നിശമന വിഭാഗം എത്തി തീയണച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. എന്‍ജിനില്‍ തീ സ്ഥിരീകരിച്ച വിമാനത്താവളം അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ ജസീറ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.