ഗൂഗിള്‍മാപ്പ് ചതിച്ചു; ഭാര്യയ്ക്ക് സര്‍പ്രൈസായി സമ്മാനിക്കാന്‍ വാങ്ങിക്കൊണ്ടുപോയ കാര്‍ 20 അടി താഴ്ചയുള്ള കുഴിയില്‍ വീണു

single-img
2 August 2018

ലഖ്‌നൗ: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ സര്‍വീസ് റോഡിലൂടെ ഓടിക്കൊണ്ടിരുന്ന എസ്.യു.വി. പെട്ടെന്നുണ്ടായ വന്‍ ഗര്‍ത്തത്തില്‍ താഴ്ന്നു. 20 അടിയിലേറെ ആഴമുള്ള കുഴിയില്‍ പതിച്ച വാഹനത്തിലെ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുഹമ്മദ് നൗഷാദ്, രചിത് കുമാര്‍, അബ്ദുള്‍ ഉസിന്‍, മുഹമ്മദ് ഷാനു എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

ഭാര്യയ്ക്ക് സര്‍പ്രൈസായി സമ്മാനിക്കാനായി വാങ്ങിയ കാറുമായി കൂട്ടുകാര്‍ക്കൊപ്പം കനൗജിലേക്ക് പോവുകയായിരുന്നു മുഹമ്മദ് നൗഷാദ്. വഴി അത്ര പരിചയമില്ലാത്തതിനാല്‍ ഗുഗിള്‍മാപ്പിന്റെ സഹായം തേടി. കനൗജിലേക്ക് എത്താന്‍ എളുപ്പവഴി പറഞ്ഞുകൊടുത്ത് ഗുഗിള്‍ മാപ്പ് കാറിനെ ചാടിച്ചത് 20 അടി താഴ്ചയുള്ള കുഴിയിലായിരുന്നു.

ക്രെയിനുപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്. ആദ്യതവണ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുമ്പോള്‍ വടംപൊട്ടി വാഹനം വീണ്ടും കുഴിയില്‍ വീണു. കനത്തമഴ കാരണമാണ് കുഴിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നു ഉത്തര്‍പ്രദേശ് എക്‌സ്പ്രസ് വേയ്‌സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി സി.ഇ.ഒ. അവ്‌നീഷ് കുമാര്‍ ആവസ്തി അറിയിച്ചു.

15,000 കോടി രൂപ ചെലവിട്ടാണ് 302 കിലോമീറ്ററുള്ള എക്‌സ്പ്രസ് വേ നിര്‍മിച്ചത്. 23 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാത 2016 നവംബറിലാണ് ഉദ്ഘാടനം ചെയ്തത്. വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഇറങ്ങാനും പറന്നുയരാനും സാധിക്കുന്ന പാത കൂടിയാണിത്.