ജോലിതേടി രാജ്യത്തെത്തുന്നവര്‍ നുഴഞ്ഞുകയറ്റക്കാരെന്ന് ത്രിപുര ഗവര്‍ണര്‍

single-img
1 August 2018

മെച്ചപ്പെട്ട തൊഴില്‍ സാമ്പത്തിക സാഹചര്യങ്ങള്‍ അന്വേഷിച്ച് മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നവര്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ്. അസം പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാണ് തഥാഗത റോയ് ഈ പരാമര്‍ശം നടത്തിയത്.

ഇവരെ അഭയാര്‍ഥികളെന്ന് വിളിക്കാന്‍ പാടില്ലെന്നും സ്വന്തം രാജ്യത്തെ പീഡനം ഭയന്ന് മറ്റ് രാജ്യങ്ങളില്‍ അഭയം പ്രാപിക്കുന്നവരാണ് അഭയാര്‍ഥികളെന്നും തഥാഗത റോയി പറഞ്ഞു. അസം അംഗത്വ പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന് വിലപിക്കുന്നവര്‍ അഭയാര്‍ഥി എന്നതിന് ഐക്യരാഷ്ട്രസഭ നല്‍കിയിരിക്കുന്ന നിര്‍വചനം മനസിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങളെ അഭയാര്‍ഥികളുടെ പട്ടികയില്‍ പെടുത്താന്‍ സാധിക്കില്ല. അവര്‍ക്ക് മാതൃരാജ്യത്ത് പീഡനങ്ങള്‍ അനുഭവിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ മതക്കാര്‍ അഭയാര്‍ഥികളാണെന്നാണ് യുഎന്‍എച്ച്‌സിആറിന്റെ നിര്‍ദേശത്തിലുള്ളത്.

എന്നാല്‍, ഭാരത സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അസം പൗരത്വം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 3.29 കോടി ആളുകളില്‍ 30 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.