4 വര്‍ഷത്തിനുശേഷം മലമ്പുഴ അണക്കെട്ട് തുറന്നു; പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം; സെല്‍ഫി എടുക്കുന്നതിന് വിലക്ക്

single-img
1 August 2018

തിരുവനന്തപുരം: നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു. പരമാവധിശേഷിയായ 115.06 മീറ്ററിലെത്തിയതോടെയാണ് അണക്കെട്ട് തുറന്നത്. 11.45 ഓടെ ഘട്ടം ഘട്ടമായി ഓരോ ഷട്ടറുകള്‍ വീതമാണ് തുറന്ന് വിടുന്നത്. നാല് ഷട്ടറുകളാണ് മലമ്പുഴ ഡാമിനുള്ളത്.

മൂന്ന് സെന്റീ മീറ്റര്‍ വീതമാണ് തുറന്നത്. വെള്ളം മുക്കൈപ്പുഴ വഴി കല്‍പാത്തിപ്പുഴയിലൂടെ ഒഴുകി പറളിയില്‍നിന്ന് ഭാരതപ്പുഴയിലെത്തിച്ചേരും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടുദിവസത്തേക്കുകൂടി മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ വെള്ളിയാഴ്ചയാവും ഷട്ടറുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.

ഇതിനുമുമ്പ് 2013ലും 14ലുമാണ് ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നത്. 2013ല്‍ ഓഗസ്റ്റ് 15മുതല്‍ നവംബര്‍ എട്ടുവരെയും 2014ല്‍ സെപ്റ്റംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 27വരെയുമാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മഴ കുറഞ്ഞത് അണക്കെട്ടിലെ സംഭരണത്തെ ബാധിച്ചു.

കഴിഞ്ഞവര്‍ഷം രണ്ടാംവിളയ്ക്ക് കര്‍ഷകര്‍ 90 ദിവസം കനാലുകള്‍വഴി വെള്ളം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത്രയും ദിവസം നല്‍കാന്‍പോലും വെള്ളം തികഞ്ഞിരുന്നില്ല. 2011ലും 2013ലും ജൂലായില്‍ത്തന്നെ ജലനിരപ്പ് 113 മീറ്ററായിരുന്നു. അതേസമയം അണക്കെട്ട് തുറക്കുന്നതിനാല്‍ മുന്‍കരുതലെന്നോണം സെല്‍ഫിയെടുക്കുന്നത് വിലക്കി. പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടംകൂടി നില്‍ക്കുകയോ സമീപത്തുനിന്ന് സെല്‍ഫിയെടുക്കുകയോ ചെയ്യരുതെന്ന് ഡി.ടി.പി.സി. അധികൃതര്‍ കര്‍ശനനിര്‍ദേശം നല്‍കി.

എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നമ്പറുകള്‍

കളക്ടറേറ്റ്: 04912505309, 04912505209

താലൂക്കുകള്‍ നമ്പര്‍

പാലക്കാട് 04912505770

ആലത്തൂര്‍ 04922222324

ചിറ്റൂര്‍ 04923224740

ഒറ്റപ്പാലം 04662244322

പട്ടാമ്പി 04662214300

മണ്ണാര്‍ക്കാട് 04924222397.