ഹനാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു: ‘കുട്ടിക്ക്’ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് പിണറായി; ‘അങ്കിളി’ന് നന്ദിയെന്ന് ഹനാന്‍

single-img
1 August 2018

തിരുവനന്തപുരം: യൂനിഫോമിട്ട് മീന്‍ വില്‍പന നടത്തിയ കോളേജ് വിദ്യാര്‍ഥിനി ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സര്‍ക്കാറിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് ഹനാന് ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഹനാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു മകള്‍ എന്ന രീതിയില്‍ അവള്‍ എപ്പോഴും ആഗ്രഹിക്കുക അച്ഛന്റേയും അമ്മയുടേയും സംരക്ഷണമാണ്.

ആ സംരക്ഷണം എനിക്ക് എന്നും ഉണ്ട്. വളരെ ധൈര്യത്തോടെയാണ് നില്‍ക്കുന്നത്. നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. ഒരാള്‍ക്കു പോലും എന്നെ കൈവയ്ക്കാനാകില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ പതിക്കില്ല എന്ന വിശ്വാസം എനിക്കുണ്ട് – ഹനാന്‍ പറഞ്ഞു.

മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞുവോയെന്ന ചോദ്യത്തിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദി ‘അങ്കിളി’നോട് ഉണ്ടെന്ന് ഹനാന്‍ മറുപടി നല്‍കി. തന്നെ ആക്രമിച്ചവര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹനാന്‍ പറഞ്ഞു. കൂടെ നിന്നവരോടും മാദ്ധ്യമ പ്രവര്‍ത്തകരോടും ഹനാന്‍ നന്ദി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാന്‍. അന്ന് സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു.

കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാന്‍ എത്തിയത്. സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞു.