വൈ ഫൈ പാസ്‌വേഡിനായി 17കാരന്‍ അയല്‍വാസിയുടെ വീട് പൊളിച്ച് അകത്തുകയറി

single-img
31 July 2018

അര്‍ദ്ധരാത്രിയില്‍ ഇന്റര്‍നെറ്റ് കണ്ട് ആസ്വദിച്ചിരുന്ന പയ്യന്‍ പെട്ടെന്ന് വൈ ഫൈ കണ്ടക്ഷന് വേണ്ടി അയല്‍വാസിയുടെ വീട് പൊളിച്ച് അകത്ത് കയറി അവരോട് ചോദിച്ചു പ്ലീസ്, വൈ ഫൈ പാസ്‌വേഡ് പറയു. ഉറങ്ങിക്കിടന്ന ദമ്പതികളെ തട്ടിയുണര്‍ത്തിയാണ് പാതിരാത്രി പയ്യന്റെ കസര്‍ത്ത്.

കാലിഫോര്‍ണിയയിലാണ് രസകരമായ സംഭവം. രാത്രിയോടെ സിലിക്കണ്‍ വാലിയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു ഈ കൗമാരക്കാരന്‍. അര്‍ദ്ധരാത്രി ആയപ്പോള്‍ ഇവന്റെ മൊബൈല്‍ ഡാറ്റ തീര്‍ന്നു. ഉടന്‍ തന്നെ ആ പ്രദേശത്തെ റസിഡന്‍സ് വൈ ഫൈ നെറ്റ് വര്‍ക്കിന്റെ പാസ്‌വേഡ് അവന്‍ തപ്പിയിറങ്ങി.

പലരോട് ചോദിച്ചു കിട്ടാതായപ്പോഴാണ് ഒരു വീടിനകത്ത് കയറി ഉറങ്ങിക്കിടന്നവരെ തട്ടിവിളിച്ച് പാസ്‌വേഡ് ചോദിച്ചത്. ഉടന്‍ തന്നെ ഗൃഹനാഥന്‍ അവന്റെ കഴുത്തിന് പിടിച്ച് പുറത്താക്കി. വീടിന് പുറത്താക്കിയ ശേഷമാണ് അയാള്‍ പൊലീസിനെ വിളിച്ചത്. അതേസമയം സംഭവത്തിന് പിന്നില്‍ ചില ദുരൂഹതകളുണ്ടെന്ന് പൊലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവന്റെ പേര് പുറത്തുവിടാനാകില്ല. ഇവന്‍ വീടിന്റെ ജനല്‍പാളി കത്തി ഉപയോഗിച്ച് പൊട്ടിച്ചാണ് അകത്ത് കയറിയത്. കറുത്ത ടീഷെര്‍ട്ട് കൊണ്ട് മുഖം മറച്ചിരുന്നു. എന്തിനാണ് മുഖം മറച്ചിരുന്നത് എന്നത് സംശയമുണ്ടാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വീടിനുള്ളില്‍ കയറുന്നതിന് മുമ്പ് പിന്നാമ്പുറത്ത് നിന്ന് സൈക്കിള്‍ മോഷ്ടിച്ച് വീടിന്റെ മുറ്റത്ത് കൊണ്ടിടുന്നത് കാണാനായി. വീട്ടുകാര്‍ ഉണര്‍ന്ന് വീടിന് പുറത്താക്കിയപ്പോള്‍ ഈ സൈക്കിള്‍ ഓടിച്ചാണ് ഇവന്‍ തിരിച്ചുപോയത്. കസ്റ്റഡിയിലെടുത്തപ്പോള്‍ ആദ്യം തെറ്റായ പേരും വിലാസവുമാണ് നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കി.