പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം; പരസ്യ പ്രസ്താവന വേണ്ടെന്ന് ‘അമ്മ’; ഷമ്മി തിലകനെയും ജോയ് മാത്യുവിനെയും ചര്‍ച്ചയ്ക്ക് വിളിച്ചു

single-img
29 July 2018

കൊച്ചി: ദിലീപിന്റെ വിഷയം അടക്കമുള്ള കാര്യങ്ങളില്‍ സിനിമാതാരങ്ങള്‍ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് താരസംഘടനയായ ‘അമ്മ’ സര്‍ക്കുലര്‍ പുറത്തിറക്കി. മാദ്ധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകള്‍ നടത്തി സംഘടനയെ അപഹാസ്യരാക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

സംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ ഉള്ളവര്‍ക്ക് ‘അമ്മ’യുടെ യോഗത്തില്‍ അത് ഉന്നയിക്കാം. പൊതുവേദിയില്‍ പറഞ്ഞ് സംഘടനയെ ഇകഴ്ത്തിക്കാട്ടരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. സംഘടനയ്ക്കുള്ളില്‍ പറയേണ്ട പരാതി പൊതുവേദിയിലോ മാദ്ധ്യമങ്ങളിലൂടെയോ പറയന്നത് സംഘടനയ്ക്കും അതിലുള്ളവര്‍ക്കുമാണ് ദോഷം ചെയ്യുക എന്നത് മറക്കരുതെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാരുടെ രാജിക്കത്ത് ലഭിച്ചതായും സംഘടന സ്ഥിരീകരിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു.

രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് പുറത്ത് പോയവര്‍. മറ്റു അംഗങ്ങളായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ ഇക്കാര്യങ്ങള്‍ എ.എം.എം.എയുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് സംഘടന അംഗീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ നടന്‍ ജോയ് മാത്യുവിനെയും അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മകന്‍ ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അടുത്ത മാസം ഏഴിന നടിമാരായ പദ്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ക്കൊപ്പമുള്ള ചര്‍ച്ചയിലേക്കാണ് ഇരുവരേയും ക്ഷണിച്ചത്.