നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ‘ബ്ലഡ് മൂണ്‍’ ഇന്ന്

single-img
27 July 2018

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാവും. ചന്ദ്രന്‍ ചുവപ്പുനിറം കൈവരിക്കുന്ന രക്തചന്ദ്രന്‍(ബ്ലഡ് മൂണ്‍) എന്നറിയപ്പെടുന്ന മനോഹര കാഴ്ചയാണ് കാണാനാവുക. നഗ്‌നനേത്രങ്ങളോടെ തന്നെ ഗ്രഹണം കാണാനാവും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഗ്രഹണം ദൃശ്യമാവും.

രാത്രി ഏകദേശം 10.45നു ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങും. 11.45 മുതല്‍ അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂര്‍ണഗ്രഹണം രാത്രി ഒന്നോടെ കാണാം. ഒന്നേമുക്കാല്‍ മണിക്കൂറോളം ഇതു നീണ്ടുനില്‍ക്കും. തുടര്‍ന്നു ഗ്രഹണത്തിന്റെ രണ്ടാംഘട്ടം പുലര്‍ച്ചെ അഞ്ചുവരെ.

ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം തട്ടിയാണ് ചന്ദ്രന്‍ രക്തവര്‍ണം കൈവരിക്കുക. ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു ഇതിനുമുമ്പ് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിച്ചത്. അടുത്തത്, 2019 ജനുവരി 21ന് ദൃശ്യമാവും. പൊതുജനങ്ങള്‍ക്ക് ഗ്രഹണം വീക്ഷിക്കുന്നതിനായി കോഴിക്കോട് മേഖലാശാസ്ത്ര കേന്ദ്രത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

നഗ്‌ന നേത്രം കൊണ്ട് കാണാനാവുമെങ്കിലും പൊതുജനത്തിന്റെ താല്‍പര്യം മാനിച്ച് ആധുനിക ടെലിസ്‌കോപ്പുകളുപയോഗിച്ച് കാണാനുള്ള സൗകര്യം പ്ലാനറ്റേറിയത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം 15 വര്‍ഷങ്ങള്‍ക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനും വരുംദിവസങ്ങള്‍ സാക്ഷ്യംവഹിക്കും. ഗ്രഹത്തെ കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും കാണാന്‍ ഇന്നു മുതല്‍ സാധിക്കും. ജൂലൈ 31നു ഭൂമിയോട് ഏറ്റവുമടുത്ത നിലയില്‍ ചൊവ്വയെത്തും. 57.6 ദശലക്ഷം കിലോമീറ്ററാകും അന്നു ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം.

ചൊവ്വയും ചന്ദ്രനും ഒരേവലുപ്പത്തില്‍ ഇന്നു ദൃശ്യമാകുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതു വിശ്വസിക്കരുതെന്നു ബഹിരാകാശ വിദഗ്ധര്‍ പറയുന്നു. ഇന്നു ചൊവ്വയല്ല, ചന്ദ്രന്‍ തന്നെയായിരിക്കും ആകാശക്കാഴ്ചയിലെ ‘സൂപ്പര്‍താരം.’