കൊല്ലത്തു നിന്നു കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസ് സംഘം ആലപ്പുഴയില്‍ അപകടത്തില്‍പെട്ടു; യുവതി ഉള്‍പ്പടെ മൂന്നു മരണം

single-img
27 July 2018

അമ്പലപ്പുഴയിലെ കരൂരില്‍ വാഹനാപകടത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വാഹനം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.

സിവില്‍ പൊലീസ് ഓഫീസറായ ശ്രീകല, ഹസീന, കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

വാഹനം വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഹസീന എന്ന യുവതിയെ കണ്ടെത്തി തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം. ഹസീനയും ശ്രീകലയും ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.