പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് വന്‍തിരിച്ചടി; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി; തൂക്കുസഭയ്ക്ക് സാധ്യത

single-img
26 July 2018

അഴിമതിക്കേസില്‍ ജയിലിലായതിനു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് വന്‍തിരിച്ചടി. മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു.

270 അംഗ അസംബ്‌ളിയില്‍ 114 സീറ്റ് നേടിയാണ് ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 137 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്–നവാസിന് (പിഎംഎല്‍–എന്‍) 64 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്.

മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 44 സീറ്റിലും മുത്താഹിദ മജ്‌ലിസെ അമല്‍ (എംഎംഎ) എട്ടു സീറ്റിലും മുന്നിലാണ്. മറ്റുള്ളവര്‍ 27 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഇപ്പോഴത്തെ നിലയില്‍ ഇമ്രാന്‍ ഖാന്‍ തന്നെ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.

എന്നാല്‍ തൂക്ക് സഭയാണ് ഉണ്ടാകുന്നതെങ്കില്‍ ഇമ്രാന്‍ ഖാന് സഖ്യകക്ഷികളെ കണ്ടെത്തേണ്ടിവരും. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിച്ചു. എട്ട് മണിയോടെ വോട്ടെണ്ണി തുടങ്ങി. എന്നാല്‍, പെട്ടെന്ന് വോട്ടെണ്ണല്‍ വൈകുകയായിരുന്നു.

ഇതോടെ, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടി നവാസ് ഷെരീഫിന്റെ പാര്‍ട്ടി രംഗത്ത് വന്നു. ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ പി.എം.എല്‍.എന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍, വോട്ടെണ്ണലിനിടെയുണ്ടായ സാങ്കേതിക തകരാറാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടെണ്ണുന്നതിനായി പുതിയ ഇലക്‌ട്രോണിക് സംവിധാനമാണ് ഒരുക്കിയിരുന്നത്. അപ്രതീക്ഷിതമായി അതിലുണ്ടായ സാങ്കേതിക പിഴവാണ് തിരിച്ചടിയായതെന്നും കമ്മിഷന്‍ വൃത്തങ്ങള്‍ വിവരിച്ചു.