രാത്രിയില്‍ ഫോണ്‍ ചാര്‍ജിങ്ങിന് ഇടുന്നവരും, ഇറുകിയ ജീന്‍സിന്റെ പോക്കറ്റില്‍ ഫോണ്‍ സൂക്ഷിക്കുന്നവരും, തലയണക്കടിയില്‍ ഫോണ്‍ വെച്ച് ഉറങ്ങുന്നവരും ജാഗ്രതൈ!; കണ്മുന്നില് ഒരു ദുരന്തം കാത്തിരിപ്പുണ്ട്
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ ഏറെയും ഫോണ്‍ ചാര്‍ജിങ്ങിനായി കുത്തിയിട്ടിരിക്കുമ്പോഴാണ് ഉണ്ടായിട്ടുള്ളത്. ഇതുകൂടാതെ, പോക്കറ്റില്‍ കിടക്കുമ്പോഴും ഫോണ്‍ പൊട്ടിത്തെറിക്കാറുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗശൈലിയില്‍ മാറ്റം വരുത്തിയാല്‍ ഇത്തരം അപകടം നമുക്കും ഒഴിവാക്കാം.
ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ വെറുതെ ഇരിക്കുകയാണ് എന്ന ധാരണ തെറ്റാണ്. ചാര്‍ജര്‍ കൊണ്ടുവരുന്ന വൈദ്യുതി ബാറ്ററിയിലേക്കു കടത്തിവിടുന്ന സങ്കീര്‍ണമായ ജോലി ചെയ്യുന്ന ഫോണിനെ മറ്റു ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍ മദര്‍ബോര്‍ഡിന്മേലുള്ള സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്.
ഈ സമ്മര്‍ദ്ദം ഫോണിന്റെ സര്‍ക്യൂട്ടിനെ ചൂടുപിടിപ്പിക്കും. ചാര്‍ജ് ചെയ്യുന്ന ഫോണില്‍ സംസാരിക്കുമ്പോളോ മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യുമ്പോഴോ ഫോണ്‍ ചൂടാവുന്നത് ഇതുകൊണ്ടാണ്. സര്‍ക്യൂട്ടില്‍ എന്തെങ്കിലും തകരാറുകളുണ്ടെങ്കില്‍ ഈ ചൂടു മൂലം ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടാവുകയും അതു ഫോണിലെ ലിഥിയം അയണ്‍ ബാറ്ററിയുടെ സ്ഫോടനത്തിലേക്കും നയിക്കുകയും ചെയ്യാം. ഇതുമൂലമാണ് ഫോണ്‍ പൊട്ടിത്തെറിക്കുന്നത്.
രാത്രിയില്‍ ഫോണ്‍ ചാര്‍ജിങ്ങിന് ഇട്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പലരും കരുതുന്നതു ബാറ്ററി 100 % ആയിക്കഴിഞ്ഞാല്‍ പിന്നെ വൈദ്യുതി അതിലേക്കു പ്രവഹിക്കുന്നത് നില്‍ക്കുമെന്നാണ്. എല്ലാ ബാറ്ററിയിലും ഇതു സാധ്യമാകണമെന്നില്ല. ബാറ്ററി നിറഞ്ഞു കഴിഞ്ഞു പിന്നെയും പ്രവഹിക്കുന്ന വൈദ്യുതി കൈകാര്യം ചെയ്യാനാവാതെ വരുമ്പോള്‍ ബാറ്ററി ചൂടാവും. ഇതും ഷോര്‍ട് സര്‍ക്യൂട്ടിലേക്ക് നയിച്ചേക്കാം.
ഇങ്ങനെ തുടര്‍ച്ചയായി രാത്രിയില്‍ ഫോണ്‍ ചാര്‍ജിങ്ങിനു കുത്തിയിട്ടാല്‍ ബാറ്ററി തകരാറായി വീര്‍ത്തുവരും (ബള്‍ജിങ്). ഇങ്ങനെ വീര്‍ത്തിരിക്കുന്ന ബാറ്ററികള്‍ക്കു തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ ഉള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ബാറ്ററി വീര്‍ത്തിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അതു മാറ്റി പുതിയതു വാങ്ങിയിടുക.
ഇറുകിയ ജീന്‍സിന്റെ പോക്കറ്റില്‍ കിടക്കുന്ന ഫോണ്‍ ചൂടാവുന്നതിന്റെ കാരണം ഫോണിന്റെ ബാറ്ററിയില്‍ ഏല്ക്കുന്ന സമ്മര്‍ദ്ദമാണ്. അതുകൊണ്ടുതന്നെ പൊട്ടിത്തെറി ഒഴിവാക്കാന്‍ ഇറുകിയ ജീന്‍സിന്റെ പോക്കറ്റില്‍ ഫോണ്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കണം. തലയണക്കടിയില്‍ ഫോണ്‍ വച്ച് ഉറങ്ങിയാലും ഇത്തരം അപകടം സംഭവിക്കാം.
മുന്നറിയിപ്പുകള്‍
ഫോണ്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കാതിരിക്കുക. ചാര്‍ജിങ്ങില്‍ ഇട്ടുകൊണ്ടു ഫോണില്‍ സംസാരിക്കുന്ന ശീലമുണ്ടെങ്കില്‍ അവസാനിപ്പിക്കുക.
രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജിങ്ങിനു കുത്തിയിടാതിരിക്കുക. ഒരു കാരണവശാലും ഫോണ്‍ തലയണയുടെ അടിയില്‍ വച്ചുകൊണ്ടു ചാര്‍ജിങ്ങിനിടരുത്. ചാര്‍ജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മര്‍ദ്ദവും ചൂടും കൂടിയാവുമ്പോള്‍ അപകടസാധ്യതയേറും.
ചാര്‍ജിങ്ങിനിടയില്‍ ഫോണ്‍ അമിതമായി ചൂടാവുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ചാര്‍ജിങ് അവസാനിപ്പിക്കുക. ഫോണ്‍ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാര്‍ജ് ചെയ്യുക.