പത്താം ക്ലാസ് ചരിത്രപാഠപുസ്തകത്തില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രം നീക്കി; പകരം ആര്‍എസ്എസ് നേതാവായിരുന്ന വിനായക് സവര്‍ക്കറുടെ ചിത്രം

single-img
26 July 2018

 

ഗോവയിലെ പത്താം ക്ലാസ് ചരിത്രപാഠപുസ്തകത്തില്‍നിന്ന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രം നീക്കി ആര്‍എസ്എസ് നേതാവായിരുന്ന വിനായക് സവര്‍ക്കറുടെ ചിത്രം നല്‍കി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യയാണ് ആരോപണവുമായി രംഗത്തെത്തിയത്.

വിപ്ലവകാരി എന്ന നിലയ്ക്കാണ് സവര്‍ക്കറെ പാഠപുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് എന്‍എസ്‌യുസി പ്രസിഡന്റ് അഹ്‌റാസ് മുല്ല ആരോപിക്കുന്നു. ഫോട്ടോയ്‌ക്കൊപ്പം കൊടുത്ത അടിക്കുറിപ്പിലാണ് ഈ പരാമര്‍ശമുള്ളത്. വിപ്ലവകാരികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനായി അഭിനവ് ഭാരത് സ്ഥാപിച്ചത് സ്വതന്ത്രവീര്‍ സവര്‍ക്കര്‍ എന്നറിയപ്പെട്ട വിനായക് ദാമോദര്‍ സവര്‍ക്കറാണെന്നും 1904 കാലഘട്ടത്തില്‍ രാജ്യത്ത് അറിയപ്പെട്ട വിപ്ലകാരികളില്‍ ഒരാളെന്നും അടികുറിപ്പ് പറയുന്നു.

പാഠപുസ്തകത്തിന്റെ കഴിഞ്ഞ പതിപ്പില്‍ അതേ സ്ഥാനത്തുണ്ടായിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമായിരുന്നു. മഹാരാഷ്ട്രയിലെ വര്‍ധയിലെ സേവാഗ്രാം ആശ്രമത്തില്‍ നിന്നെടുത്തതായിരുന്നു ആ ഫോട്ടോ. 1935 ല്‍ എടുത്ത ആ ഫോട്ടോയില്‍ നെഹ്‌റുവിന് കൂടെ മൌലാന ആസാദും മഹാത്മാ ഗാന്ധിയുമുണ്ട്. പുസ്തകത്തിലെ 68 ആം പേജിലാണ് ചിത്രമുണ്ടായിരുന്നത്.

നാളെ അവര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്ത ശേഷം കഴിഞ്ഞ അറുപത് വര്‍ഷം കോണ്‍ഗ്രസ് എന്താണ് രാജ്യത്തിന് വേണ്ടി ചെയ്തതെന്ന് ചോദിക്കുമെന്നും അഹ്‌റാസ് മുല്ല ആരോപിച്ചു. നിരവധി കോണ്‍ഗ്രസ് നേതാക്കളുടെയും പൂര്‍വികരുടെയും ശ്രമഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ചരിത്രം ഇക്കൂട്ടര്‍ തിരുത്തില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിനുള്ള പങ്ക് മറച്ചുവയ്ക്കാനും ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്താനുമുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും അഹ്‌റാസ് ആരോപിച്ചു.