പ്രതിരോധമന്ത്രിയെ കാണാന്‍ ഡല്‍ഹിക്കുപോയ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അപമാനിതനായി തിരിച്ചുവന്നു

single-img
25 July 2018

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ കാണാന്‍ ഡല്‍ഹിക്കുപോയ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അപമാനിതനായി തിരിച്ചുവന്നു. ചികിത്സയ്ക്കായി മധുരയില്‍നിന്ന് ചെന്നൈയിലേക്ക് തന്റെ സഹോദരനെ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അനുവദിച്ചതില്‍ പ്രതിരോധമന്ത്രിയെ നേരില്‍ക്കണ്ട് നന്ദിയറിയിക്കാനായിരുന്നു ഒ.പി.എസിന്റെ ഡല്‍ഹി യാത്ര. എ.ഐ.എ.ഡി.എം.കെ. രാജ്യസഭാ എം.പി. വി. മൈത്രേയന്‍, കെ.പി. മുനിസ്വാമി, മനോജ് പാണ്ഡ്യന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മൈത്രേയനും പനീര്‍ശെല്‍വുമായിരുന്നു മന്ത്രിയുടെ ഓഫീസിലേക്കുപോയത്. മന്ത്രിയുടെ ചേംബറിനുമുന്നില്‍ ഇരുവരും കാത്തിരുന്നു. കുറച്ചുസമയത്തിനുശേഷം മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും ഒ.പി.എസിനെ കാണാന്‍ കൂട്ടാക്കിയില്ല. അരമണിക്കൂറോളം സമയം ചേംബറിനു വെളിയില്‍ കാത്തിരുന്ന ഒ.പി.എസ്., മൈത്രേയന്‍ പുറത്തുവന്നതോടെ അദ്ദേഹത്തിനൊപ്പം അവിടെനിന്ന് തിരിച്ചു.

ഇതിനിടെ ഒ.പി.എസ്.-നിര്‍മല കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഇത് നിഷേധിച്ച് മന്ത്രിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. മൈത്രേയന് മാത്രമേ കൂടിക്കാഴ്ച അനുവദിച്ചിരുന്നുള്ളൂവെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പി.എസിനെ കണ്ടിട്ടില്ലെന്നുമായിരുന്നു ട്വീറ്റ്.

കൂടിക്കാഴ്ച നടക്കാതെവന്നതോടെ ചെന്നൈയില്‍ തിരിച്ചെത്തിയ ഒ.പി.എസ്. എന്തും താങ്ങാനുള്ള ഹൃദയം വേണമെന്ന ഒറ്റവാചകത്തില്‍ ഇതേക്കുറിച്ചുള്ള പ്രതികരണം ഒതുക്കി. അവിശ്വാസപ്രമേയത്തില്‍ കേന്ദ്രത്തിന് അനുകൂലമായി എ.ഐ.എ.ഡി.എം.കെ. വോട്ടുചെയ്തതോടെ തമിഴ്നാട്ടില്‍ പുതിയ സഖ്യത്തിനുള്ള കളമൊരുങ്ങിയെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ഒ.പി.എസിന്റെ ഡല്‍ഹി സന്ദര്‍ശനം എ.ഐ.എ.ഡി.എം.കെ.-ബി.ജെ.പി. സഖ്യചര്‍ച്ചകളുടെ തുടക്കമായും കരുതപ്പെട്ടിരുന്നു.